പെയ്തു നിറയുകയാണ് കുടജാദ്രിയുടെ സൗന്ദര്യം. മഞ്ഞും മഴയും വെൺമേഘചിറകു വിടർത്തുന്നു. മൂടൽ മഞ്ഞു നിറഞ്ഞ താഴ്‌വര കാഴ്ചകളെ നോക്കി നിന്നപ്പോൾ കുടജാദ്രിയെ മോഹിപ്പിച്ച കഥാകാരൻ കടന്നുവന്നു. മലയാളത്തിന്റെ മഹാപുണ്യമായ എം.ടി വാസുദേവൻ നായർ കഥാകാരന് ഇന്ന് 91 തികയുന്നു. ഇന്നലെ കുടജാദ്രി മലയിറങ്ങി രാവിലെ നാട്ടിലെത്തുമ്പോൾ പത്രങ്ങളിൽ എം.ടിയുടെ പിറന്നാൾ വാർത്തകൾ നിറയെ വായിക്കാം. കോളേജ് വിദ്യാർത്ഥിയായിരുന്ന കാലത്താണ് “വാനപ്രസ്ഥം ” ചെറുകഥവായിച്ചത് അന്നു മുതൽ കുടജാദ്രിയുടെ അഭൗമസൗന്ദര്യം മനസ്സിൽ ചിത്രം വരച്ചിട്ടു.വെൺമേഘങ്ങൾ വിരൽ തൊടുന്ന മണിൽ നിന്നപ്പോൾ കഥയിലെ വിനോദിനി ടീച്ചർ ശബ്ദം കേട്ടതായി തോന്നി. ഏറെ നാൾ കൊതിച്ചിട്ട് ,കാത്തിരിപ്പുകൾക്കു ശേഷം കുടജാദ്രി മല കയറി വന്ന ടീച്ചർ. ഒരു വട്ടം കൂടി ഇവിടെ ഇങ്ങന്നെ വന്നു നിൽക്കാൻ ഇടയാക്കിയ എം.ടി. അക്ഷര വെളിച്ചത്തെ ഓർത്തു. പെട്ടന്നാണ് രാവിലെ വായിച്ച വാർത്ത ഓടിവന്നത്. “ഇന്ന്എം.ടി.ക്ക് 91 തികയുന്നു ” .
വേദനാനുഭവങ്ങളുടെ നീറ്റൽ പുകയുമ്പോൾ ഇപ്പോഴും ആശ്രയം എം.ടി യുടെ അക്ഷരങ്ങൾ തന്നെ.നൊമ്പരപ്പെടുത്തുന്ന ചിന്തകൾക്ക് മരുന്നായി വായനയിലെ ഏതെങ്കിലും ഒരു വാചകം സാന്ത്വനമാകുന്നു. നീ മാത്രമല്ല മറ്റു പലരും ഇവിടെ , ഇങ്ങനെ, ഇതേ ജീവിത പ്രതിസന്ധികൾ പിന്നിടുന്നു എന്ന് പറയാതെ പറയുന്നു. കഥകളെയും നോവലുകളെ പോലെ ഉന്നതമായ അറിവനുഭവങ്ങൾ പകരുന്നവയാണ് അദ്ദേഹത്തിന്റെ മറ്റ് ലേഖനങ്ങൾ. ഒറ്റപ്പെട്ട മനുഷ്യരും തോറ്റുപോയവരും മറ്റിനിർത്തപ്പെട്ടവരുമായ് പലരും അവിടെയും കടന്നുവരുന്നു. അവരെന്തു കൊണ്ട് ഇങ്ങനെയൊക്കെയായി എന്ന് വായിച്ചറിയുമ്പോൾ തോറ്റവരാണ് വിജയിച്ചതെന്ന തിരിച്ചറിവിൽ പുസ്തം മടക്കി വച്ച് ജീവിതത്തിലേക്ക് എഴുന്നേൽക്കുന്നു.
എം.ടി എന്ന അക്ഷരവെളിച്ചം എന്താണെന്ന് വിവരിക്കാൻ ഞാനാരുമല്ല. വെറും ഒരു സാധാരണ വായനക്കാരൻ. എന്നാൽ എന്റെ ചെറിയ ജീവിതത്തിൽ ഈ അക്ഷരതാരകം പകർന്ന വെളിച്ചം പങ്കുവച്ചാൽ അവസാനിക്കുന്നില്ല. മലയാളത്തിന്റെ മഹാനിരൂപകർ,
ചലച്ചിത്ര പ്രതിഭകൾ ഒക്കെയും എം.ടി. എന്ന മഹാനദീപ്രവാഹത്തെ പലവട്ടം വിശദമായവതരിപ്പിച്ചു. തുടർച്ചയായി അവതരിപ്പിക്കുന്നു. അപ്പോഴും നിത്യ സാധാരണ ജീവിതം നയിക്കുന്ന ജഞങ്ങളുടെ തലമുറക്ക് നിരാശകളിൽ, നൊമ്പരങ്ങളിൽ ഒരു കുളിർ കാറ്റായി എം.ടി കാറ്റായി കടന്നെത്തുന്നു. ആ അക്ഷരപൂർണ്ണിമക്കാണ് 91 തികയുന്നത്. കണ്ടിരിക്കെ കടൽ പോലെ വളരുന്ന എം.ടി.ക്കുമുന്നിൽ ഒരു പിറന്നാൾ കടന്നുവരുന്നു.
മഴമേഘങ്ങൾ നിഴൽ ചിത്രങ്ങൾ വരച്ചിടുന്ന കുടജാദ്രിയിൽ താഴത്തെ ആരാധനാലയത്തിൽ ചായ പകർന്നു നൽകിയ പൂജാരിയുടെ വീട്ടിലെ അമ്മയോട് എം.ടി യുടെ വാനപ്രസ്ഥം ചെറുകഥയെയും “തീർത്ഥാടനം “എന്നപേരിൽ ആ ചെറുകഥ സിനിമയായതിനെ കുറിച്ചും നേരം സംസാരിച്ചിരുന്നു. മഴ കനത്തതിനാൽ മലയിറങ്ങാൻ സമയമായെന്ന് വിനയത്തോടെ പറഞ്ഞ ജീപ്പ് ഡ്രൈവർ ചേതനോടും എം.ടി. എന്ന എഴുത്തുകാരനെയും അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തും കുടജാദ്രിയുടെ ജില്ലയായ ഷിമോഗയിലെ തീർത്ഥഹള്ളിയിൽ ജനിച്ച ഡോ.യു.ആർ. അനന്തമൂർത്തിയെയും കുറിച്ച് ഞാൻ സംസാരിച്ചു. പോളിടെക്നിക്ക് ഡിപ്ലോമ നേടിയ ചേതന് അനന്തമൂർത്തിയേയും എം.ടി യേയും അറിയില്ല. പക്ഷേ കുടജാദ്രിയിൽ ചിത്രീകരിച്ച ഒരു മലയാള സിനിമയെ കുറിച്ചറിയാം. ഞങ്ങൾ അഭിമാനത്തോടെ പറഞ്ഞു. അത് ഞങ്ങളുടെ എം.ടി. സാർ എഴുതിയതാണ്.
കനത്ത മഴയിൽ തെന്നിവീഴാതെ കഥയെഴുതുന്ന സുഹൃത്ത് കെ.രാജേന്ദ്രനോടൊപ്പം ജീപ്പിനടുത്തേക്ക് ഞങ്ങൾ നടന്നു. മാസങ്ങൾക്കു മുൻപ് വാങ്ങിയ “എം.ടി. കഥേതരം ” എന്ന സമാഹാരം രാജേന്ദ്രന്റെ അലമാരയിലാണ്. തിരികെ മടങ്ങി എത്തുമ്പോൾ അമ്മയില്ലാത്ത വീട്ടിലെ ഏകാന്തതയിൽ ഇനി എം.ടി യുടെ വായന കൂട്ടാകുമെന്ന് അയാൾ പറഞ്ഞപ്പോൾ മിഴിനീരിലെ എം.ടി യുടെ അക്ഷര വിരൽ ഞാൻ കണ്ടു. എന്റെ കണ്ണുനീരിൽ ഞാൻ കണ്ട അക്ഷര വിരൽ. ഒറ്റമരക്കാടായി ഞങ്ങളുടെ മിഴിനീരിൽ വിരൽ തൊടുന്ന സ്നേഹം നൂറ്റാണ്ടിലേക്ക് ഒഴുകി നിറയുന്നു.