വയനാട് :ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 43പേരാണ് മരിച്ചത്. ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്.”
“സര്‍ക്കാരിന്‍റെ പൊതുപരിപാടികള്‍ മാറ്റിവെച്ചു, എല്ലാ സന്നാഹവും വയനാട്ടിലേക്കെന്ന് മുഖ്യമന്ത്രി
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്‍കി. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. വയനാട്ടില്‍ ഇന്നുവരെ ഉണ്ടാകാത്ത വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈയിലുണ്ടായത്. മൂന്നു തവണയാണ് ഉരുള്‍പൊട്ടിയത്.
എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി, സഹായധനം പ്രഖ്യാപിച്ചു, പിന്തുണയുമായി രാഹുൽ ഗാന്ധിയും
വയനാട് ഉരുൾപൊട്ടലിൽ അഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെടുകയും സ്ഥിതിഗതികൾ ആരായുകയും ചെയ്തു. വയനാടിലെ രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ദുരന്തത്തിൽ ദുഃഖമറിയിച്ചു.