വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിംഗ് റോഡിനു ഭൂമി വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അടൂർ പ്രകാശ് എം.പി ലോക്സഭയിൽ ഉന്നയിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടു.
പദ്ധതിക്കായി വിട്ടുനൽകിയ ഭൂമിയുടെ എല്ലാ രേഖകളും കൈമാറിയിട്ട് ഏറെ നാളായിട്ടും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഭൂവുടമകൾക്ക് ലഭിച്ചിട്ടില്ല.
സ്ഥലം വിട്ടു നൽകിയവർക്ക് ഇതുവരെ നഷ്ടപരിഹാരം നൽകാത്തത് അനീതിയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കൽ പ്രവൃത്തികൾ പൂർത്തിയായ പതിനൊന്നു വില്ലേജുകളിലെ നൂറു കണക്കിന് കുടുംബങ്ങൾ ഇപ്പോൾ പ്രതിസന്ധിയിലാണ്. നഷ്ടപരിഹാരം ലഭിക്കുമ്പോൾ പുതിയ സ്ഥലത്തേയ്ക്ക് താമസം മാറുന്നതിനു ഭൂമി വാങ്ങുവാൻ മുൻകൂർ തുക നൽകിയവർ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് . ഭൂമി ഈട് നൽകി ബാങ്കുകളിൽ നിന്നും വായ്പ എടുക്കുന്നതിനുള്ള അവസരവും ഇല്ലാതായി.
നേരത്തെ ഇക്കാര്യത്തിൽ മന്ത്രി നിധിൻ ഗഡ്കരിയെ കണ്ട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. പ്രശ്നപരിഹാരത്തിന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അന്ന് നിർദ്ദേശം നൽകിയിരുന്നെങ്കിലും മാസങ്ങൾക്കു ശേഷവും തുടർനടപടി ഉണ്ടായിട്ടില്ല.
പദ്ധതി ചെലവിന്റെ വിഹിതം സംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനം എടുക്കാത്തതും നഷ്ടപരിഹാരം ലഭിക്കുന്നത് വൈകാൻ കാരണമാവുകയാണ്. ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത് ഇനിയും വൈകരുത്. ഈ പദ്ധതിയുടെ മുഴുവൻ ചിലവും കേന്ദ്രം വഹിക്കണമെന്നും സബ്‌മിഷനിൽ അടൂർ പ്രകാശ് ആവശ്യപ്പെട്ടു.