നാവായിക്കുളം : നാവായിക്കുളം സ്വദേശിനിക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശി ശരണ്യക്ക് (24) ആണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്ത്രീയിൽ ഈ രോഗം സ്ഥിരീകരിക്കുന്നത്. ഇവർ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം എത്തിയ ശരണ്യയുടെ ശ്രവപരിശോധനാ ഫലം ഇന്നലെയാണ് ലഭിച്ചത്.അടുത്തിടെ ഇവർ തോട്ടിൽ കുളി ച്ചതായി ആരോഗ്യപ്രവർത്തകരോട് പറഞ്ഞു. ലക്ഷണങ്ങളുണ്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഇവരെ പേ വാർഡിലേക്ക് മാറ്റിയെന്നാണ് ലഭിക്കുന്ന വിവരം.
മുൻപ് നെയ്യാറ്റിൻകര കണ്ണറവിളയിലും പേരൂർക്കടയിലുമായിരുന്നു അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 7 ആയി ഉയര്‍ന്നു.
ചികിത്സയിലുള്ള മുഴുവൻ പേരുടെയും ആരോഗ്യ നില നിലവില്‍ തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. നെയ്യാറ്റിൻകര കണ്ണറവിള സ്വദേശി അഖിൽ (27) കഴിഞ്ഞ മാസം 23-ന് ആണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്നത്. കണ്ണറവിളയിലെ കാവിൽ കുളത്തിൽ കുളിച്ച അഖിലിന്‍റെ 5 സുഹൃത്തുക്കൾക്കും പിന്നീട് രോഗം സ്ഥിരീകരിച്ചു. ഇവർക്കെല്ലാം രോഗം ബാധിച്ചത് പൊതുകുളത്തിൽ നിന്നാണോ എന്ന് തിരിച്ചറിയാൻ കുളത്തിൽ നിന്നും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇതിന്‍റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. തുടർന്ന് പേരൂർക്കട സ്വദേശിക്കും രോഗം സ്ഥിരീകരിച്ചതോടെ രോഗത്തിനന്‍റെ ഉറവിടം അജ്ഞാതമായി. രോഗ ബാധ പടർന്നുവെന്ന് കരുതപ്പെടുന്ന നെയ്യാറ്റിൻകര കാവിൻ കുളത്ത് നിന്നും മുൻപ് ശേഖരിച്ച സാമ്പിൾ പരിശോധനയിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല.
അതേസമയം അവസാനമായി രോഗം സ്ഥിരീകരിച്ച ശരണ്യ നവായിക്കുളം, ഇടമണ്ണിലെ തോട്ടിൽ കുളിച്ചിരുന്നതായി അധികൃതരെ അറിയിച്ചിട്ടുണ്ട്.