കരകുളം ഗ്രാമപഞ്ചായത്തിലെ കരകുളം, മുല്ലശേരി, വേങ്കോട്, മുളമുക്ക് പ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു. ഈ പ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി രണ്ട് ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിച്ചു. പുതിയ സർവീസുകളുടെ ഫ്‌ളാഗ് ഓഫ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. മുല്ലശേരി-പേഴുംമൂട് -കിഴക്കേകോട്ട, പേരൂർക്കട വേങ്കോട്-കിഴക്കേകോട്ട റൂട്ടുകളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിച്ചത്.
ഘട്ടം ഘട്ടമായി കൂടുതൽ റൂട്ടുകളിലേക്ക് ബസ് സർവീസുകൾ ഉണ്ടാകുമെന്നും രാത്രികാലങ്ങളിലുൾപ്പെടെയുള്ള യാത്രാക്ലേശത്തിന് കാലതാമസമില്ലാതെ പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
മുല്ലശേരി-പേഴുംമൂട് -കിഴക്കേകോട്ട റൂട്ടിൽ രാവിലെ 8.05ന് പേരൂർക്കടയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. മുല്ലശേരി-നമ്പാട്, പേഴുംമൂട്-വട്ടപ്പാറ-മണ്ണന്തല-പട്ടം വഴി കിഴക്കേകോട്ടയിൽ എത്തും. 9.50ന് കിഴക്കേകോട്ടയിൽ നിന്ന് ഇതേ റൂട്ടിലും പകൽ 11.50, 2.40 സമയങ്ങളിൽ കിഴക്കേകോട്ട-പട്ടം-മണ്ണന്തല-വട്ടപ്പാറ-കണക്കോട് റൂട്ടിലും ബസ് സർവീസ് ഉണ്ടാകും.
വൈകിട്ട് 5.20ന് കിഴക്കേകോട്ട-പട്ടം-മണ്ണന്തല-വട്ടപ്പാറ-പേഴുംമൂട്-മുല്ലശേരി-പേരൂർക്കട വഴി കിഴക്കേകോട്ടയിലേക്കും രാത്രി 7.20ന് കിഴക്കേകോട്ട-പട്ടം-മണ്ണന്തല-മുക്കോല-കുടപ്പനക്കുന്ന് വഴി പേരൂർക്കടയിലേക്കും ബസ് എത്തിച്ചേരും.
രണ്ടാമത്തെ ബസ് സർവീസ് പേരൂർക്കട-വേങ്കോട്-കിഴക്കേകോട്ട റൂട്ടിലാണ്. കരകുളം ഗ്രാമപഞ്ചായാത്തിനേയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയേയും ബന്ധപ്പെടുത്തി ഒരു ദിവസം 11 സർവീസുകളാണ് ഉള്ളത്.
മുല്ലശേരി-പേഴുംമൂട് -കിഴക്കേകോട്ട ബസ് റൂട്ട് ഉദ്ഘാടനത്തിനൊപ്പം കുരിശടി-നമ്പാട്-കുഴിക്കോണം-കരയാളത്തുകോണം റോഡിന്റെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം ഉൾപ്പെടെ, 70 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്.
കല്ലയം കുരിശടി ജംങ്ഷൻ, വേങ്കോട് ജംങ്ഷൻ എന്നിവിടങ്ങളിൽ നടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി.യു അധ്യക്ഷയായിരുന്നു.