ആറ്റിങ്ങൽ ആലംകോട്ട് മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ ഉൾപ്പെടുന്ന സംഘം അറസ്റ്റിൽ

eiQS0NM61077

ആറ്റിങ്ങൽ : മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ ഉൾപ്പെടുന്ന സംഘം അറസ്റ്റിൽ.

ചിറയിൻകീഴ് അഴൂർ ശാസ്തവട്ടം തുന്നരികത്തു വീട്ടിൽ സിദ്ധിഖ്( 35), കൊല്ലം പരവൂർ പുത്തൻകുളം തൊടിയിൽ വീട്ടിൽ വിജി  30, ആറ്റിങ്ങൽ മങ്കാട്ടുമൂല കോളനി, ആതിര ഭവനിൽ അജിത്( 29) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

ചെമ്പ് – വെള്ളി ആഭരണങ്ങളിൽ ആകെ തൂക്കത്തിൻറെ 10 മുതൽ 15 ശതമാനം വരെ സ്വർണ്ണം പൂശി ആയത് സ്വർണ്ണാഭരണമെന്ന് പ്രാഥമിക പരിശോധനയിൽ ധനകാര്യസ്ഥാപനങ്ങളെ ബോധിപ്പിച്ച് അവ പണയം വച്ച് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത തട്ടിപ്പ് സംഘത്തിലെ 3 പേരാണ് അറസ്റ്റിലായത്.

ആറ്റിങ്ങൽ ആലംകോട് വൃന്ദാവൻ ഫൈനാൻസിയേഴ്സിൽ 2024 ജനുവരി മുതൽ 2024 ജൂലൈ വരെയുള്ള കാലയളവിൽ ഏകദേശം 50 പവനോളം സ്വർണ്ണം, വ്യാജമായി നിർമ്മിച്ച ആധാർ കാർഡ്, ഇലക്ഷൻ ഐഡന്റിറ്റി കാർഡ്, ഉത്തരേന്ത്യക്കാരുടെ പേരിലെടുത്ത മൊബൈൽ കണക്ഷൻ എന്നിവ ഉപയോഗിച്ച് പണയം വച്ചാണ് 15 ലക്ഷം രൂപ തട്ടിയെടുത്തത്.

ബാംഗ്ലൂർ സ്വദേശിയിൽ നിന്നാണ് ഇവർ സ്വർണ്ണം പൂശിയ ആഭരണങ്ങൾ വാങ്ങി വന്നിരുന്നത്. ഹാൾമാർക്കും 916 എഴുതി പതിപ്പിച്ചിട്ടുള്ള ഈ ആഭരണങ്ങൾ സാധാരണ രീതിയിൽ അപ്രൈസർമാർ പരിശോധിച്ചാൽ മനസ്സിലാകില്ല. വളരെ നല്ല രീതിയിൽ വേഷവിധാനം ചെയ്ത് കളവായ വിവരങ്ങൾ പറഞ്ഞ് സ്ത്രീകൾ മാനേജർമാരായി ഇരിക്കുന്ന സ്ഥാപനങ്ങളെയാണ് സംഘാംഗങ്ങൾ ലക്ഷ്യം വയ്ക്കുന്നത്.

ആലംകോടുള്ള വൃന്ദാവൻ ഫൈനാൻസിനു പുറമെ മറ്റു ചില ധനകാര്യ സ്ഥാപനങ്ങളിലും പ്രതികൾ പല പേരിൽ പണയം വച്ചിട്ടുണ്ട്. പല പേരുകളിലും വിലാസങ്ങളിലുമുള്ള ആധാർ കാർഡിൻ്റെ കോപ്പികളും മറ്റും പ്രതികളിൽ നിന്നും കണ്ടെടുത്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ

വിവിധയിടങ്ങളിൽ പ്രതികൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി മനസ്സിലാക്കുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

രണ്ട് ദിവസം മുൻപ് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ ഒരു ഫിനാൻസ് സ്ഥാപനത്തിൽ വ്യാജ രേഖ നൽകി മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സ്ത്രീയെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാത്രമല്ല, ആറ്റിങ്ങൽ ആലംകോട് പ്രദേശത്തെ ഫിനാൻസ് സ്ഥാപനങ്ങളെയാണ് കബളിപ്പിച്ചത് എന്നത് പ്രദേശത്തെ മറ്റു ഫിനാൻസ് സ്ഥാപന ഉടമകളെയും ആശങ്കയിലാക്കിയിട്ടുണ്ട്.

ആറ്റിങ്ങൽ ഡിവൈഎസ്പി എസ്. മഞ്ജുലാലിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്. എച്ച്ഒ ഗോപകുമാർ. ജി, എസ്ഐ മാരായ സജിത്ത്. എസ്, ജിഷ്ണു എം.എസ്, എസ്. സി. പി. ഒ ശരത്കുമാർ എൽ.ആർ, പ്രേംകുമാർ, സിപിഒ വിഷ്ണുലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!