പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധനം അപകടത്തിൽപ്പെട്ട് കാണാതായ മത്സ്യതൊഴിലാളിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.അഞ്ചുതെങ്ങ് പുതുവൽ പുരയിടത്തിൽ ബെനഡിക്റ്റിനായുള്ള തെരച്ചിലാണ് ഊർജ്ജിതമാക്കിയത്.കോസ്റ്റ് ഗാർഡും, മറൈൻ എൻഫോഴ്സ്മെൻ്റും, കോസ്റ്റൽ പോലീസും, മത്സ്യതൊഴിലാളികളും സംയുക്തമായുള്ള തിരച്ചിലാണ് ഇപ്പോൾ നടക്കുന്നത്.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് തലകീഴായി മറിയുകയായിരുന്നു.4 തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടമുണ്ടായതോടെ നടന്ന രക്ഷാപ്രവർത്തനത്തിൽ 3 തൊഴിലാളികളെ രക്ഷിക്കാനായെങ്കിലും ബെനഡിക്റ്റിനെ കാണാതാകുകയായിരുന്നു.
അഞ്ചുതെങ്ങ് സ്വദേശി ജോബായിയുടെ ഉടമസ്ഥതയിലുള്ള സിന്ധുയാത്ര മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.വിഴിഞ്ഞത് നിന്നും മറൈൻ എൻഫോഴ്സ്മെൻ്റിൻ്റെ ആംബുലൻസും കോസ്റ്റ് ഗാർഡിൻ്റെ കപ്പലും മുതലപ്പൊഴിയിൽ എത്തിച്ചു. എന്നാൽ കടൽ പ്രക്ഷുപ്തമായത്തിനാൽ കോസ്റ്റ് ഗാർഡിൻ്റെ കപ്പൽ അഴകടലിൽ തുടരുകയാണ്. മുങ്ങൽ വിദഗ്ധരുടെയും സഹായം തേടുവാനുള്ള നീക്കങ്ങളും നടന്നുവരുന്നുണ്ട്.