ആറ്റിങ്ങൽ : മലിനജലം ഓടയിൽ ഒഴുക്കിയതിനും, പ്ലാസ്റ്റിക്ക് ഉൾപടെയുള്ള മാലിന്യം പൊതുനിരത്തിൽ വലിച്ചെറിഞ്ഞ പരാതിയിലും നഗരത്തിൽ പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ച് നഗരസഭ ആരോഗ്യ വിഭാഗം.
മൂന്നുമുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ശരവണഭവൻ എന്ന സ്ഥാപനം മലിനജലം ഓടയിലേക്ക് ഒഴുക്കിവിട്ടതിന് 20000 രൂപ പിഴയായി ഈടാക്കി.
കിഴക്കേനാലുമുക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാഗ്നസ് എന്ന സ്ഥാപനം മാലിന്യക്കെട്ടുകൾ പൊതു നിരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ 10000 രൂപ പിഴയിനത്തിൽ ചുമത്തിയിട്ടുള്ളതായും ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ അറിയിച്ചു.
കഴിഞ്ഞ മാസം മാലിന്യം വലിച്ചെറിഞ്ഞെന്ന പരാതിയിൻമേൽ ചില വ്യക്തികളിലും സ്ഥാപനങ്ങളിൽ നിന്നും മാത്രം 60000 രൂപയോളം പിഴയായി ഈടാക്കിയിരുന്നു.
നഗരപരിധിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും നിയമവിരുദ്ധമായി പൊതു ഓടയിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ ട്രൈനേജ് സംവിധാനവും കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും നഗരസഭ ആരോഗ്യ വിഭാഗം വ്യക്തമാക്കി.