കിളിമാനൂർ :വാലഞ്ചേരി റസിഡൻസ് അസോസിയേഷൻ പ്രദേശത്തും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം അതിരൂക്ഷമായിരിക്കയാണ്. കഴിഞ്ഞ ദിവസം അസോസിയേഷൻ കുടുംബാംഗങ്ങൾ ഉൾപ്പെടെ പത്തോളം പേർക്ക് നായയുടെ കടിയേറ്റു.
വാലഞ്ചേരി കല്പകശ്ശേരിയിൽ ശശിധരനായർ, ഭാര്യ വസന്തകുമാരി എന്നിവർ സ്വന്തം വീടിനുമുന്നിൽ വച്ച് കടിയേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വാലഞ്ചേരി സ്വദേശികളായ ബാബു സന്തോഷ്, വിളക്കാട്ടുകോണത്ത് അനന്തു രാജ്, കുട്ടൻപിള്ള മലയാമഠം ഇന്ദിരാ ദേവി തുടങ്ങി പത്തോളം പേർക്കാണ് കടിയേറ്റത്. നായ ശല്യം കാരണം കുട്ടികൾ സ്കൂളിൽ പോകാൻ പോലും ഭയപ്പെടുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാലഞ്ചേരി റസിഡൻസ് അസോസിയേഷൻ കിളിമാനൂർ ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി.