ആറ്റിങ്ങലിൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

IMG_20240824_123723

ആറ്റിങ്ങൽ : നഗരസഭ ഹെൽത്ത് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച രാത്രി നടത്തിയ തിരച്ചിലിൽ 2 കാട്ടുപന്നികളെ വെടി വെച്ചു കൊന്നു.

കേരള സ്‌റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായിട്ടുള്ള വനം വകുപ്പിന് കീഴിലെ 4 എംപാനൽ ഷൂട്ടർമാരാണ് സംഘത്തിലുണ്ടായിരുന്നത്.
സാധാരണയായി കൃഷിനശിപ്പിക്കുന്നെന്ന് പരാതി ലഭിക്കുന്ന നദീതീരത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും മറ്റ് ജനവാസ മേഖലകളിലുമാണ് പരിശോധന നടത്തിയത്.
10 മണിക്കൂർ നീണ്ട തിരച്ചിലിനിടയിൽ 4 കാട്ടുപന്നികൾക്കു നേരെ സംഘം വെടിയുതിർത്തു.
എന്നാൽ വെടിയേറ്റ് വിരണ്ടോടിയ പന്നികളെ കണ്ടെത്താൻ നടത്തിയ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ വാമനപുരം ആറിനു സമീപം ചത്തുകിടക്കുന്ന 2 പന്നികളെ കണ്ടെത്തി.
പൂർണ്ണ വളർച്ചയെത്തിയ ആൺ പന്നിക്ക് 200 കിലോയോളം ശരീരഭാരവും 11 വയസും, പെൺ പന്നിക്ക് 90 കിലോ ഭാരവും 6 വയസും ഉള്ളതായി അധികൃതർ കണക്കാക്കുന്നു.
ചത്ത പന്നികളെ ബ്ലീച്ചിംഗ് മിശ്രിതവും കെമിക്കൽ ലായനിയും തളിച്ച് സർക്കാർ മാനദണ്ഡപ്രകാരം കുഴിച്ചിട്ടു.
കാട്ടുപന്നിയുടെ ശല്യമുള്ള പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ തുടർച്ചയായി നായ കുരച്ചാൽ മുൻകരുതലില്ലാതെ ജനങ്ങൾ വീടിനു വെളിയിലേക്ക് ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് റാഫി, ബിജു, ജീവനക്കാരായ ശശികുമാർ, മനോജ്, അജീഷ്, അജി ഷൂട്ടർമാരായ വിമൽകുമാർ, ജവഹർലാൽ, സുധർമ്മൻ, അനിൽകുമാർ എന്നിവരുടെ സംഘമാണ് സ്ക്വാഡിലുണ്ടായിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!