ആറ്റിങ്ങൽ : ദേശീയപാതയോരത്തു മാമം പാലത്തിന് സമീപം മാലിന്യം കുന്നുകൂടുന്നു. കിഴുവിലം പഞ്ചായത്തിലെ അരികത്ത് വാർഡിലാണ് ലോഡുകണക്കിന് മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യവും , ലോഡ് കണക്കിന് കെട്ടിട നിർമാണ അവശിഷ്ടങ്ങളും അടക്കമുള്ള ജൈവ അജൈവ മാലിന്യങ്ങളാണ് ബൈപാസ് നിർമാണത്തിന്റെ മറ പിടിച്ച് റോഡരികിൽ തള്ളുന്നത്.പ്രദേശത്തെ നൂറിലധികം വരുന്ന കുടുംബങ്ങൾക്ക് ഇത് വഴി സഞ്ചരിച്ച് മാമം പാലമൂട്ടിലെത്തി നിലവിലെ ദേശീയപാതയുമായി ചേരുന്ന ഭാഗത്തെത്തി വേണം വിവിധ ഇടങ്ങളിലേക്ക് പോകാൻ. കാലങ്ങളായി മാലിന്യം കണി കണ്ടുണരേണ്ട ഗതികേടിലാണെന്ന് നാട്ടുകാർ പറയുന്നു.
എന്നാൽ പഴയ ദേശീയപാതയക്ക് പുറമേ ഇതിന് സമാന്തരമായി കടന്നു പോകുന്ന നിലവിലെ ദേശീയപാതയോരത്തും സമാന സ്ഥിതി തന്നെയാണ്. തെരുവ് വിളക്കുകൾ പോലും ഇല്ലാത്ത ഈ പ്രദേശത്ത് മാലിന്യം കുന്നുകൂടിയതോടെ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
കിഴുവിലം പഞ്ചായത്ത് അധികൃതർ ആറ് മാസം മുൻപ് പഴയ ദേശീയപാതയുടെ ഇരുവശത്തുമുള്ള മാലിന്യങ്ങൾ അടക്കം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കം ചെയ്ത് പ്രദേശം വൃത്തിയാക്കിയിരുന്നു. എന്നാൽ ദിവസങ്ങൾക്കകം പ്രദേശം മാലിന്യം കൊണ്ട് നിറഞ്ഞു