Search
Close this search box.

അണ്ടൂർക്കോണം വില്ലേജ് ഓഫീസിന് സ്മാർട്ട് മന്ദിരമുയർന്നു

IMG-20240904-WA0081

നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ അണ്ടൂർക്കോണം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരുന്നു.

വില്ലേജ് ഓഫീസുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്ത്, അതുവഴി ജനങ്ങളുടെ പ്രശ്‌നങ്ങൾ അധികാരികളുടെ മുന്നിലെത്തിച്ച് പരിഹാരം കണ്ടെത്തുകയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. വകുപ്പിനെ ജനാധിപത്യവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമാണ് വില്ലേജ് തല സമിതികളെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ആപ്തവാക്യത്തോടെ, വേഗതയോടെയും സുതാര്യതയോടെയുമുള്ള സേവനങ്ങൾ നൽകി റവന്യൂ വകുപ്പ് മുന്നോട്ട് പോകുകയാണെന്നും വില്ലേജ് ഓഫീസുകളിലെത്തുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് ആശ്വാസകരമായ പരിഹാരം കണ്ടെത്തുന്നതിന് ജീവനക്കാർ ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന കേന്ദ്രമെന്ന നിലയിൽ സാധാരണക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമിക്കുന്നതെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. നെടുമങ്ങാട് മണ്ഡലത്തിലെ മറ്റ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണം ഘട്ടം ഘട്ടമായി പൂർത്തിയാക്കും. അണ്ടൂർക്കോണം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പ്രവർത്തനത്തിനാവശ്യമായ കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് അടിയന്തരമായി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

റീബിൽഡ് കേരള ഇനിഷിയേറ്റീവ് പദ്ധതി പ്രകാരം 44 ലക്ഷം രൂപ വിനിയോഗിച്ചാണ് അണ്ടൂർക്കോണം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം നിർമിച്ചത്. കേരള സ്റ്റേറ്റ് നിർമിതി കേന്ദ്രമാണ് നിർവഹണ ഏജൻസി.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് റ്റി, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ അനിൽ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ അനുകുമാരി, തിരുവനന്തപുരം തഹസിൽദാർ ഷാജു എം.എസ് എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!