ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

IMG-20240907-WA0002

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. വിഷയം പരിഹരിക്കുന്നതിൽ പി.ഡബ്ല്യു.ഡി കാലതാമസം വരുത്തുന്നവെന്ന് ആരോപിച്ച് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ പ്രതിഷേധം അറിയിച്ചു.

പാലസ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ഡ്രൈനേജ് സംവിധാനം തകരാറിലായതിനെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. മാസങ്ങൾക്ക് മുൻപ് പാലസ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും തുടർന്ന് ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും പരിശോധനയിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് പാലസ് റോഡിന് കുറുകെ അട്ടക്കുളം ഭാഗത്തേക്ക് കടന്നു പോകുന്ന ഓടയിൽ അടവുള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് നഗരസഭ ജീവനക്കാർ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

റോഡിന് കുറുകെ ഉള്ള ഓടയിൽ മണ്ണ് നിറഞ്ഞു കിടക്കുകയാണെന്നും മുകളിലൂടെ പി.ഡബ്ല്യു.ഡി റോഡ് പോകുന്നതിനാൽ റോഡ് പൊളിച്ച് ടാർ നീക്കം ചെയ്താൽ മാത്രമേ പ്രശ്‌നം പരിഹരിക്കാൻ സാധിക്കൂയെന്നും ചൂണ്ടിക്കാട്ടി നഗരസഭ ജൂണിൽ പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കത്തു നൽകിയിരുന്നു.

തുടർന്ന് പി.ഡബ്ല്യു.ഡിയും നഗരസഭയും ചേർന്ന് ആധുനിക രീതിയിലുള്ള ഉപകരണങ്ങൾ എത്തിച്ച് ഓടയിൽ ഉണ്ടായ അടവ് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയാണുണ്ടായത്. ഇതോടെ ആറ്റിങ്ങലിലെ പ്രധാന തിരക്കേറിയ പ്രദേശമായ ഇതിലുടെ ഉള്ള കാൽനടയാത്രയും സമീപത്തെ വ്യാപാരികളുടെ കച്ചവടവും ദുരിതത്തിലായി. ഇതിനെ തുടർന്ന് നിരവധി പരാതികൾ ഉയർന്നതോടെ തുടങ്ങിയതോടെ വിഷയത്തിൽ ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക, നഗരസഭ ചെയർപേഴ്സൺ അഡ്വ. കുമാരി എന്നിവർ ഇടപ്പെടുകയും ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ച് ചേർക്കുകയും ചെയ്തു.

ഓട പുനർ നിർമ്മിച്ച് പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് യോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ ഇടപെട്ട് പി.ഡബ്ല്യു.ഡിയിൽ നിന്നും അടിയന്തരമായി ഫണ്ട് അനുവദിപ്പിച്ചു. എന്നാൽ പി.ഡബ്ല്യു.ഡി പണി വൈകിപ്പിക്കുന്നതിനാലാണ് പ്രശ്‌നത്തിന് പരിഹാരം കാണാത്തതെന്ന് ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ പ്രതിഷേധം അറിയിച്ചത്. തുടർന്ന്, ഓടയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി ടെൻഡർ വിളിച്ചെങ്കിലും ടെൻഡർ എടുക്കാൻ കരാറുകാർ രംഗത്ത് വരാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ടെൻഡർ എടുക്കാൻ ആരെങ്കിലും തയ്യാറായാൽ ഓണം കഴിഞ്ഞ ഉടൻ പ്രശ്‌നം പരിഹരിക്കുമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരവിന്ദ് അറിയിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ജി.വിഷ്ണുചന്ദ്രൻ, ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി സുഖിൽ, പ്രസിഡൻ്റ് നന്ദുരാജ്, ട്രഷറർ അഖിൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് മങ്കാട്ടു,അർജുൻ കല്ലിംഗൽ,വെസ്റ്റ് മേഖലാ സെക്രട്ടറി സുജിൻ, ഈസ്റ്റ് മേഖലാ പ്രസിഡന്റ്റ് അരുൺ, നഗരസഭ കൗൺസിലർ നിതിൻ തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!