കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വക്കം ഇറങ്ങുകടവ് ഭാഗത്ത് താമസിക്കുന്ന പ്രതാപൻ എന്ന ആളിന്റെ വീട്ടിൽ കയറി അതിക്രമം കാണിക്കുകയും കതകും ജനലും വീട്ടുപകരണങ്ങളും വെട്ടി നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വക്കം ഇറങ്ങുകടവിൽ ചന്തു എന്ന് വിളിക്കുന്ന രഞ്ജിത്താണ്(36) അറസ്റ്റിലായത്.
വക്കത്ത് താമസിക്കുന്ന പൊതുപ്രവർത്തകയെ വീട്ടിൽ കയറി ഭീഷണി പ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിനും യുവാവിനെതിരെ കടയ്ക്കാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനുമുമ്പ് പൊതുജനങ്ങളെ ഉപദ്രവിച്ചതിനും ആക്രമിച്ചതിനു ഇയാൾ മൂന്നുമാസത്തോളം ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലിൽ നിന്നിറങ്ങിയാൽ വീണ്ടും അതിക്രമങ്ങൾ കാണിച്ചുവരുന്നത് പ്രതിയുടെ സ്വഭാവമാണ്. കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ നിരവധി തവണ പോലീസ് വളഞ്ഞു പിടിക്കാൻ ശ്രമിക്കുകയും പ്രതി കായലിൽ ചാടി രക്ഷപ്പെടുകയും ചെയ്തിട്ടുള്ളതാണ്. കടയ്ക്കാവൂർ എസ് ഐ മനു വിന്റെ നേതൃത്വത്തിൽ എസ് ഐ ജയപ്രസാദ്, ഷൈൻ, പോലീസ് ഉദ്യോഗസ്ഥരായ സുജിൽ, അനിൽ, ആദർശ്,സുരാജ് എന്നിവർ അടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പോലീസിനെ ആക്രമിക്കുവാനും ശ്രമിക്കുകയുണ്ടായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.