കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കിടാരി പാർക്ക് റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. റോഡിന്റെ ദുരവസ്ഥ മൂലം ഇവിടുത്തെ
70% വ്യവസായവും നിലച്ചു. തൊഴിലാളികൾ ഉൾപ്പെടെ ഇവിടെ ആർക്കും വരാൻ കഴിയാത്ത അവസ്ഥയാണ്. ഇതുവഴി പോകുന്ന ഇരുചക്ര വാഹന യാത്രക്കാർക്ക് നട്ടെല്ലിന് വേദന അനുഭവപ്പെടുകയാണെന്നാണ് പരാതി. മനുഷ്യന് മാത്രമല്ല വാഹനങ്ങൾക്കും നിരന്തരം അറ്റകുറ്റപ്പണി വേണ്ട സാഹചര്യമാണ്. ഇതിനോടകം ഒരു ഒമിനിയും രണ്ട് ഇരുചക്രവാഹനങ്ങളും കട്ടപ്പുറത്തായി. 200 ഓളം പശുക്കൾ ഉണ്ടായിരുന്ന സംസ്ഥാന സർക്കാരിൻറെ ആദ്യത്തെ കിടാരി പാർക്ക് ദുരിതങ്ങളുടെ നടുവിലാണ്. പരാതി പറയുമ്പോൾ മുടന്തൻ ന്യായങ്ങൾ മാത്രം പറയുന്ന ഭരണാധികാരികൾ ഈ റോഡിൻറെ ദുരവസ്ഥയും ഇത് ഉപയോഗിക്കുന്ന വൃദ്ധരും കുട്ടികളും അടങ്ങുന്നവരുടെ അവസ്ഥയും നേരിട്ട് കണ്ടു മനസ്സിലാക്കാൻ പോലും താൽപ്പര്യം പ്രകടിപ്പിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
അടിയന്തരമായി ഈ റോഡിൻറെ ദുരവസ്ഥ നേരിട്ട് കണ്ടു ബോധ്യപ്പെടുകയും ഇത് ഗതാഗത യോഗ്യമാക്കുന്നതിന് ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും ഭരണാധികാരികളോടും ജനപ്രതിനിധികളോടും നാട്ടുകാർ നിരന്തരം ആവശ്യപ്പെടുകയാണ്