നെടുമങ്ങാട്ട് ആധുനിക സൗകര്യങ്ങളോടെ മാർക്കറ്റ് വരുന്നു

photo.1.2919424

നെ​ടു​മ​ങ്ങാ​ട്: നെടുമങ്ങാട് നഗര മധ്യത്തിലെ താലൂക്കിലെ പ്രധാന മാർക്കറ്റ് പൊളിച്ച് മാറ്റി 26.11 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ മാർക്കറ്റ് നിർമിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഇതിലേക്കുള്ള ടെൻഡർ നടപടികൾ 23 ന് പൂർത്തിയായെന്നും ഇന്നലെ ടെൻഡർ പ്രസിദ്ധീകരിച്ചതായും അദ്ദേഹം പറഞ്ഞു. 2019 നവംബറിൽ 18 കോടിയാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. റിവൈസ്ഡ് എഫ്എസിലൂടെ പദ്ധതി തുക 26.11 കോടി രൂപയായി ഉയർത്തിയതായി അദ്ദേഹം വിശദീകരിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായാലുടൻ തന്നെ നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

71,000 സ്ക്വയർ ഫീറ്റിലാണ് പുതിയ മാർക്കറ്റ് നിർമിക്കുക. 4 നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മാർക്കറ്റാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബേസ്മെന്റ് ഫ്ലോറിൽ ടൂ വീലർ – ഫോർ വീലർ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യവും ഇതോടൊപ്പം ഇലക്ട്രിക്കൽ പാനൽ മുറിയുമാണ് നിർമിക്കുക.

ഗ്രൗണ്ട് ഫ്‌ളോറിൽ 48 ഫിഷ്, ഡ്രൈ ഫിഷ് സ്റ്റാളുകളും, ഇറച്ചി, ചിക്കൻ എന്നിവയുടെ വിൽപനയ്ക്കായി 24 സ്റ്റാളുകളും ഉൾപ്പെടെ ആകെ 72 കടകളാണ് പ്രവർത്തിക്കുക. ഇതോടൊപ്പം ഓഫിസ് റൂം, സിസിടിവി കൺട്രോൾ റൂം, സെക്യൂരിറ്റി റൂം എന്നിവയും ഈ നിലയിൽ ഉൾപ്പെടും. ഒന്നാം നിലയിൽ പഴം – പച്ചക്കറി – പലചരക്ക് കടകൾ, മൺപാത്ര സ്റ്റാളുകൾ, സ്റ്റേഷനറി സ്റ്റാളുകൾ, മറ്റ് അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഉൾപ്പെടെ 112 കടകളാണ് നിർമിക്കുക. രണ്ടാം നിലയിൽ 8 ഫുഡ് ഔട്ട്‍ലെറ്റുകളിലൂടെ 120 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാകുന്ന ഫുഡ് കോർട്ടും സ്റ്റാഫ് റൂമുകളും സർവീസ് ഏരിയയും ഉൾപ്പെടും.

എല്ലാ നിലകളിലും അത്യാധുനിക ടോയ്‌ലറ്റ് സൗകര്യവും ഒരുക്കും. ഈ കെട്ടിടത്തിൽ മൂന്ന് പാസഞ്ചർ ലിഫ്റ്റുകളും ഒരു സർവീസ് ലിഫ്റ്റും കൂടാതെ മഴവെള്ള സംഭരണി, ഫയർ എക്സിറ്റ്, 33 കെ.ഡബ്ല്യു.എ കപ്പാസിറ്റിയുള്ള സോളർ പാനലുകൾ, ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകൾ എന്നിവയും ഉൾപ്പെടും. മാർക്കറ്റിന്റെ ശുചിത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി എല്ലാ നിലകളിലും കൃത്രിമ വെന്റിലേഷൻ ലഭിക്കുന്നതിനും അസംസ്കൃത മത്സ്യത്തിന്റെയും മാംസത്തിന്റെയും ഗന്ധം കുറയ്ക്കുന്നതിന് മെക്കാനിക്കൽ വെന്റിലേഷൻ സൗകര്യം ലഭ്യമാക്കും. സ്പ്രിങ്ക്ളർ സിസ്റ്റത്തോട് കൂടിയ അത്യാധുനിക അഗ്നി സുരക്ഷാ സംവിധാനവും മാർക്കറ്റിലുണ്ടാകും.

ജൈവമാലിന്യ നിർമാർജനത്തിന് ബയോഗ്യാസ് സംസ്കരണ പ്ലാന്റും നിർമിക്കും. മാർക്കറ്റ് നിർമാണം പൂർത്തിയാകുന്നതോടെ ഈ പ്രദേശത്തെ ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പു വരുത്തുന്നതിനും അദ്ദേഹം വിശദീകരിച്ചു.

മാർക്കറ്റിന്റെ നിർമാണം പൂർത്തിയാകുന്നതോടെ നെടുമങ്ങാട് ആധുനിക മാർക്കറ്റ് എന്ന കാത്തിരിപ്പ് അവസാനിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

പത്രസമ്മേളനത്തിൽ നഗരസഭ ചെയർപഴ്സൻ സി.എസ്.ശ്രീജ, സിപിഎം ഏരിയ സെക്രട്ടറി അഡ്വ. ആർ ജയദേവൻ, നഗരസഭാ സ്ഥിരസമിതി ചെയർമാൻ പി.ഹരികേശൻ നായർ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!