ആലംകോട് ഹോട്ടലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ പ്രതികൾക്ക് 12 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും.

IMG_20240927_233428

ആറ്റിങ്ങൽ :  ആലംകോട് പുളിമൂട് ജംഗ്ഷനിൽ അടഞ്ഞു കിടന്ന ഹോട്ടലിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ നാല് പ്രതികൾക്ക് 12 വര്‍ഷം കഠിന തടവും 1,50,000 രൂപ വീതം പിഴയും. നാലാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആജ് സുദര്‍ശനാണ് ശിക്ഷ വിധിച്ചത് .പിഴയൊടുക്കാത്ത പക്ഷം 1 വര്‍ഷത്തെ അധിക കഠിനതടവ് പ്രതികള്‍ അനുഭവിക്കണമെന്നും ഉത്തരവിട്ടു. എക്സൈസിന്റെ പിടിയിലാകുമ്പോള്‍ ഇവരുടെ പക്കല്‍ 40 കിലോയോളം കഞ്ചാവ് ഉണ്ടായിരുന്നു.

കീഴാറ്റിങ്ങല്‍ സ്വദേശികളായ മുളവത്ത് വീട്ടില്‍ അർജുന്‍ നാഥ്, എം.സി. നിവാസില്‍ അജിന്‍ മോഹന്‍, ആറ്റിങ്ങല്‍ ഗേള്‍സ് ഹൈസ്‌കൂളിന് സമീപം ചിത്തിരയില്‍ ഗോകുല്‍ രാജ്,  ആലംകോട് തൊപ്പിചന്ത എഫ്.എഫ്. മന്‍സിലില്‍ ഫഹദ് എന്നിവരാണ് കേസിലെ പ്രതികള്‍.

2020 ആഗസ്റ്റ് 22 ന് രാത്രി 7.30 നാണ് ആറ്റിങ്ങല്‍ എക്സൈസ് സര്‍ക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ പ്രതികളില്‍ നിന്ന് വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചത്. ആലംകോട് അവിക്‌സ് സൊസൈറ്റിയുടെ കെട്ടിടത്തില്‍ വാടകക്ക് പ്രവര്‍ത്തിച്ചിരുന്ന ബാംബു ഹോട്ടലില്‍ നിന്ന് 40 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. തിരുവനന്തപുരം , കൊല്ലം ജില്ലകളിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വില്‍പ്പന അരങ്ങേറിയത്. ഓണ്‍ലൈനിലൂടെയും സമൂഹ മാധ്യമത്തിലൂടെയുമാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നത്. പണം കൈമാറലും ഓണ്‍ലൈന്‍ വഴിയായിരുന്നു. കഞ്ചാവ് കടത്താനുപയോഗിച്ച ലോറി , രണ്ട് ആഡംബര കാറുകള്‍ , നോട്ടെണ്ണല്‍ മെഷീന്‍ , രണ്ടു ത്രാസ്സുകള്‍ , 92,000 രൂപ എന്നിവ പ്രതികളില്‍ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തു.

ആന്ധ്രയില്‍ നിന്നും സവാളയും കന്നുകാലികളെയും കൊണ്ടുവരുന്ന ലോറികളിലാണ് കഞ്ചാവ് കടത്തിയിരുന്നത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് കോഴി ഫാമുകളിലേയ്ക്ക് കോഴികളെ കൊണ്ടുവരുന്ന ലോറിയിലും കഞ്ചാവ് കടത്തിയിരുന്നു. ലോക് ഡൗണ്‍ സമയത്ത് ഹോട്ടല്‍ അടച്ചിരുന്നു. തുടര്‍ന്ന് സവാള സംഭരിച്ച്‌ വ്യാപാരം തുടങ്ങി. ഇതിന്റെ മറവിലാണ് മയക്കുമരുന്ന് വ്യാപാരംനടന്നത്. ഹോട്ടലിനുള്ളിലും ലോറിയിലും കീഴാറ്റിങ്ങല്‍ സ്വദേശി അര്‍ജുന്‍ നാഥിന്റെ വീട്ടിലുമായാണ് കഞ്ചാവ് സൂക്ഷിച്ചത്. വിദേശത്തായിരുന്ന ഗോകുല്‍ രാജ് 2020 ല്‍ നാട്ടില്‍ എത്തി ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു.

 സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരി മരുന്ന് കച്ചവടം നടത്തുന്ന പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പു വരുത്തിയില്ലെങ്കില്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശമാകും നല്‍കുക എന്ന് കോടതി വിലയിരുത്തി. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.പ്രവീണ്‍ കുമാര്‍ ഹാജരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!