ആറ്റിങ്ങൽ : നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരൻ രാജീവിൻ്റെ മകൻ നിരഞ്ജൻ രാജ് നയിച്ച ഖോ ഖോ ടീമാണ് വർക്കല സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത്.
നിരഞ്ജൻ രാജ് പനയറ എസ്.എൻ.വി ഹൈസ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ്.
ലോവർ പ്രൈമറി തലം മുതൽ ക്രിക്കറ്റ്, ഫുഡ്ബോൾ, കബഡി തുടങ്ങിയ കായിക മത്സരങ്ങളിൽ നിറസാന്നിധ്യമാണ് നിരഞ്ജൻ.
കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വെച്ച് നടന്ന വർക്കല സബ്ജില്ലാതല മത്സരത്തിൽ എതിർഭാഗത്തുണ്ടായിരുന്ന പാളയംകുന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഖോ ഖോ ടീമിനെയാണ് നിരഞ്ജനും സംഘവും നേരിട്ടത്.
രണ്ടു പ്രാവശ്യം സമനിലയിലെത്തിയിരുന്നു ഇരു ടീമുകളും.
മൂന്നാം റൗണ്ടിൻ്റെ അവസാനത്തിൽ 2 പോയിൻ്റ് നേടിയാണ് നിരഞ്ജൻ്റെ ടീം വിജയം കൈവരിക്കുന്നത്.
ലഹരി വിരുദ്ധ സെമിനാറിൻ്റെ ഭാഗമായി കഴിഞ്ഞ വർഷം എക്സൈസ് വകുപ്പ് നടത്തിയ മുക്തി എന്ന പരിപാടിയുടെ ജില്ലാതല ഖോ ഖോ മത്സരത്തിലും നിരഞ്ജൻ്റെ ടീമിന് ചാമ്പ്യൻമാരാകാൻ കഴിഞ്ഞു.
2024 അധ്യയന വർഷത്തിൽ ഖോ ഖോക്ക് വേണ്ടി സംസ്ഥാന സ്പോർഴ്സ് കൗൺസിൽ സംഘടിപ്പിച്ച ഹോസ്റ്റൽ സെലക്ഷൻ്റെ യോഗ്യതാ മത്സരത്തിലും ഈ ഏഴാം ക്ലാസുകാരൻ മികവു തെളിയിച്ചു.
ഖോ ഖോ, കബഡി തുടങ്ങിയ കായികയിനങ്ങളിൽ കഴിഞ്ഞ രണ്ടു വർഷക്കാലാമായി നിരഞ്ജൻ തന്നെയാണ് ക്യാപ്റ്റനായി സ്കൂൾ ടീമിനെ നയിക്കുന്നതും.
ജില്ലാതല മത്സരത്തിനു മുന്നോടിയായ യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പനയറ എസ്.എൻ.വി എച്ച്.എസിലെ ഖോ ഖോ ടീമംഗങ്ങളിപ്പോൾ.
മകൻ്റെ വളർച്ചയിൽ തച്ചോട് ഏറത്തുവീട്ടിൽ രാജീവിനും ഭാര്യ അനിതക്കും സഹോദരൻ ശിവരഞ്ജനും ഏറെ അഭിമാനമാണുള്ളത്.