അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം : സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ പാലോട് പൊലീസ് പിടികൂടി

eiQSQTR79203

പാലോട്: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കറങ്ങി നടന്ന് അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ പാലോട് പൊലീസ് പിടികൂടി.

 വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കടയിൽ മുടുംമ്പ് പഴവിളാകത്ത് വീട്ടിൽ കൊപ്ര ബിജു എന്ന് വിളിക്കുന്ന രാജേഷ് (42), ഭാര്യ ഉടുമ്പൻചോല കർണ്ണപുരം കൂട്ടാർ ചേരമൂട് രാജേഷ് ഭവനിൽ രേഖ (33),നന്ദിയോട് ആലംപാറ തോടരികത്ത് വീട്ടിൽ റെമോ എന്ന് വിളിക്കുന്ന അരുൺ(27) ഭാര്യ വെള്ളയംദേശം കാഞ്ചി നട തെക്കുംകര പുത്തൻവീട്ടിൽ ശില്പ (26) എന്നിവരാണ് പിടിയിലായത്.

പെരിങ്ങമ്മല കൊച്ചുവിളയിലെ വീട്ടിൽ നിന്നും 10 പവൻ സ്വർണവും, പാലോട് സത്രക്കുഴി മാരീശന്റെ വീട്ടിൽ നിന്നും 45 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്ന കേസിലാണ് പ്രതികൾ പിടിയിലായത്.

മോഷണം നടത്തുന്നത് ആഡംബര ജീവിതത്തിന് വേണ്ടിയും കേരളത്തിന് പുറത്ത് വീടും വസ്തുവും വാങ്ങാനുമാണ് ഇവർ ഉപയോഗിച്ചിരുന്നത്. നിലവിൽ മോഷണം നടത്തിയ സ്വർണം തമിഴ്നാട്ടിലെ വിവിധ ബാങ്കുകളിൽ പണയം വച്ചും വില്പന നടത്തിയും കോയമ്പത്തൂരിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടുകൾ ഇരുചക്രവാഹനത്തിലെത്തി കണ്ടു വച്ചതിനു ശേഷം സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കില്ല എന്ന് ഉറപ്പ് വരുത്തിയതിനു ശേഷമാണ് മോഷണം നടത്തുക.

ഈ കേസിൽ പ്രതിയായ രാജേഷിന്റെ പേരിൽ നാല്പതിലധികം കേസുകളും അരുണിന്റെ പേരിൽ പോക്സോ കേസ് ഉൾപ്പെടെ ഇരുപത്തിയഞ്ചോളം കേസുകളും നിലവിലുണ്ട്. കടയ്ക്കലിൽ ഇരുചക്രവാഹന ഷോറൂമിൽ വാഹനം വാങ്ങാനെന്ന വ്യാജേന എത്തി സ്കൂട്ടറുമായി കടന്നു കളഞ്ഞ കേസിലും പ്രതിയാണ് ശില്പ. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പാലോട് കരിമൺകോട് നിന്നാണ് രാജേഷിനേയും, അരുണിനേയും പിടികൂടിയത്.

കഴിഞ്ഞ രണ്ടു മാസമായി ഗ്രാമീണ മേഖലകളിൽ മോഷണം വർദ്ധിക്കുന്നു എന്ന പരാതിയെ തുടർന്ന് പാലോട് പൊലീസിന്റെ നേതൃത്വത്തിൽ മഫ്തിയിലും അല്ലാതെയും പെട്രോളിംഗ് ഊർജിതമാക്കിയിരുന്നു. ഇതേ തുടർന്നാണ് മോഷണ സംഘം പിടിയിലായത്.

 ജില്ലാ പൊലീസ് മേധാവി കിരൺ നാരായൺ,നെടുമങ്ങാട് ഡിവൈ.എസ്.പി അരുൺ.കെ.എസ്, പാലോട് എസ്.എച്ച്.ഒ അനീഷ് കുമാർ, എസ്.ഐ ശ്രീനാഥ്, ഷാഡോ എസ്.ഐ മാരായ.സജു, ഷിബു. സി.പി.ഒ വിനീത്, എസ്.സി.പി.ഒ സജീവ്, ഡാൻസാഫ് ടീമംഗങ്ങളായ ഉമേഷ് ബാബു, ഷീജ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!