കരവാരം പഞ്ചായത്ത് പ്രസിഡന്റ് വി.ഷിബുലാലിനെതിരെ എൽ.ഡി.എഫ് അംഗങ്ങൾ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. എൽ.ഡി.എഫ് അംഗങ്ങളായ ലോകേഷ്.ആർ, സജീർ.എസ്. ഫാൻസി.വി, കെ.ബേബി ഗിരിജ, ദീപ്തി മോഹൻ, വിജി.വി, ദീപ.ടി, എന്നിവരാണ് നോട്ടീസ് നൽകിയത്. അഴിമതി, വികസന ഫണ്ട് ചെലവഴിക്കാതെ നഷ്ടപ്പെടുത്തൽ, വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തൽ, പഞ്ചായത്തിന്റെ അനിവാര്യ ചുമതലകളായ മാർക്കറ്റുകൾ, കടത്തുകൾ അടച്ചുപൂട്ടൽ, കുടുംബശ്രീ പ്രവർത്തനത്തെ തടസപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. പഞ്ചായത്തിൽ എൽ.ഡി.എഫ് -7, ബി.ജെ.പി-7, കോൺഗ്രസ് – 2, എസ്.ഡി.പി.ഐ -2 എന്നതാണ് കക്ഷിനില. എൽ.ഡി.എഫിൽ സി.പി.എം-5, സി.പി.ഐ – 1, ജനതാദൾ – 1എന്നിങ്ങനെ 7 ആണ് കക്ഷിനില. 15 ദിവസത്തിനകം അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ കമ്മിറ്റി കൂടും. തിരുവനന്തപുരം ജില്ലയിൽ ബി.ജെ.പി ഭരിക്കുന്ന ഏകപഞ്ചായത്താണ് കരവാരം. രണ്ടുമാസം മുൻപ് രണ്ടു ബി.ജെ.പി അംഗങ്ങൾ രാജിവച്ച ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റും എൽ.ഡി.എഫിന് ലഭിച്ചിരുന്നു. അവിശ്വാസം പാസായാൽ ബി.ജെ.പിയുടെ ജില്ലയിലെ ഏക പഞ്ചായത്തും നഷ്ടപ്പെടും.
