പോത്തൻകോട് (തിരുവനന്തപുരം) : ചര്‍ച്ച ചെയ്യുന്ന വിവിധ വിഷയങ്ങൾ, നടത്തുന്ന വിവിധ സമ്മേളനങ്ങൾ, സാംസ്കാരിക ഉത്സവങ്ങൾ എന്നിവയുടെ പ്രാധാന്യം കൊണ്ടു തന്നെ ശാന്തിഗിരി ഫെസ്റ്റ് ചരിത്രത്തില്‍ ഇടം നേടുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒട്ടേറെ പുതുമകളോടെ അവതരിപ്പിക്കുന്ന ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന്റെ വിളംബരം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെയും രാജ്യത്തിന്റെയും പരിശ്ചേദമാണ് ശാന്തിഗിരി. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരു പോലെ കടന്നുവരാവുന്ന ഇടമാണിത്. വരുന്നവര്‍ക്ക് അന്നവും സമാധാനവും നല്‍കുന്ന ശാന്തിയുടെ കൊടുമുടി നാടിന് അഭിമാനമാണ്. എല്ലാ മതങ്ങളും മനുഷ്യനന്മ ലക്ഷ്യമിട്ടുകൊണ്ടുളള സന്ദേശങ്ങളാണ് നല്‍കുന്നതെങ്കിലും ശാന്തിഗിരി നല്‍കുന്നത് മനുഷ്യന്റെ നന്മ മാത്രമല്ല മനുഷ്യന്റെ ശാന്തിയും സമാധാനവും സൌഹൃദവും സാഹോദര്യവും കൂടുതല്‍ വ്യാപകമാക്കുക എന്ന സന്ദേശം കൂടിയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
അഡ്വ. എ.എ.റഹീം എം.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, വെമ്പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ജഗന്നാഥപിള്ള, അഡ്വ. എം. മുനീര്‍, റാഫി എസ്.എം., കെ.ഷീലകുമാരി, ആര്‍.സഹീറത്ത് ബീവി, എം.അനില്‍കുമാര്‍, സജീവ് കെ., കോലിയക്കോട് മഹീന്ദ്രന്‍, പള്ളിനട എം. നസീര്‍, ദീപ അനില്‍,
കിരണ്‍ദാസ് കെ., ഷോഫി കെ., എം.പി. പ്രമോദ് എന്നിവര്‍ സംസാരിച്ചു.
ബൈപ്പാസ് റോഡില്‍ ശാന്തിഗിരി ആശ്രമത്തിന്റെ പ്രവേശനകവാടം മുതല്‍ കാര്‍ണിവല്‍ നഗരി മുഴുവന്‍ കാഴ്ചയുടെ വര്‍ണ്ണവിസ്മയങ്ങള്‍ തീര്‍ത്താണ് ഇക്കുറി ഫെസ്റ്റിന്റെ വരവ്. പതിവ് പ്രദര്‍ശന വിപണന മേളയ്ക്കപ്പുറം ദീപാലങ്കാരങ്ങളുടെ വസന്തമാണ് ഒരുക്കിയിരിക്കുന്നത്. സ്ഥിരം ശൈലിയില്‍ നിന്ന് മാറി പുതുതലമുറയ്ക്കുകൂടി ഹൃദ്യമാകുന്ന രീതിയിലാണ് ഓരോ ഇന്‍സ്റ്റലേഷനും. ആശ്രമത്തിലെ അതിവിശാലമായ ജലസംഭരണിയും വാട്ടര്‍ ഫൌണ്ടെയ്നും ചുറ്റുമുളള പാറയിലെ പ്രകാശവിന്യാസവും കണ്ണും മനസ്സും നിറയ്ക്കും.
13,000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഫ്ലവർ ഷോ, വ്യത്യസ്തതകൾ നിറഞ്ഞ പെറ്റ് ഷോ, അക്വാ ഷോ, കടന്നുപോകുന്ന വഴിയിലുടനീളം ഉദ്വേഗം നിറഞ്ഞുനിൽക്കുന്ന ഗോസ്റ്റ് ഹൗസ്, ശാസ്ത്രസാങ്കേതിക വിദ്യകളിലെ പുരോഗതി വിളിച്ചോതുന്ന റോബോട്ടിക് അനിമൽ ഷോ, വിസ്‌മയം ത്രീഡി ഷോ, പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പുതുമകൾ നിറഞ്ഞ അമ്യൂസ്മെന്റ് പാർക്ക്, നക്ഷത്രവനം, കേരളത്തിലെ ഗോത്രവർഗ്ഗ സംസ്കാരം വിളിച്ചോതുന്ന തരത്തിലുള്ള ഗോത്രവർഗ്ഗ ഗ്രാമങ്ങളുടെ ആവിഷ്‌കാരം, ഭാരതീയ ചികിത്സ വിഭാഗങ്ങൾ ഉൾക്കൊളളുന്ന ഹെൽത്ത് കോർണർ, വെൽനസ്സ് സെന്റർ എന്നിവയും ഫെസ്റ്റിലുണ്ട്.
ഹാപ്പിനസ് പാര്‍ക്കിലെ വൈദ്യുത ദീപാലങ്കാരങ്ങളാണ് മറ്റൊരു ആകര്‍ഷണം. മരത്തിന്റെ ശീതളശ്ചായയില്‍ ഹാപ്പിയായി ഇരുന്ന് ജലാശയവും കാഴ്ചകളും കാണാന്‍ നിരവധി പേരാണ് ശാന്തിഗിരിയിലേക്ക് ഒഴുകിയെത്തുന്നത്. ഫെസ്റ്റ് തുടങ്ങുന്നതിനോടൊപ്പം ആശ്രമം സ്പിരിച്വല്‍ സോണിലും ലൈറ്റ് & സൌണ്ട് ഷോയ്ക്കുളള മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്. താമരപ്പര്‍ണ്ണശാല വീണ്ടും വര്‍ണ്ണപ്രഭ ചൊരിയും. 2010ല്‍ മുപ്പത് ലക്ഷത്തിലധികം പേരാണ് പര്‍ണ്ണശാലയിലെ പ്രകാശ വിന്യാസം കാണാനെത്തിയത്. സന്ദര്‍ശകര്‍ക്ക് ഇത്തവണ ഗുരുവിന്റെ ഉദ്യാനം കൂടി കാണാനാവും എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ജാതി മത ഭേദമന്യേ ആര്‍ക്കും ആശ്രമത്തിന്റെ സ്പിരിച്വല്‍ സോണില്‍ പ്രവേശിക്കാം. വിവിധ രാജ്യങ്ങളിലെ വെജിറ്റേറിയൻ ഭക്ഷണരുചികൾ ഉൾപ്പെടുത്തിയുളള ഫുഡ് ഫെസ്റ്റിവലാണ് മറ്റൊരു പ്രത്യേകത. അവധി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 10 മണി വരെയും പ്രവര്‍ത്തിദിനങ്ങളില്‍ വൈകിട്ട് 3 മണി മുതല്‍ രാത്രി 10 മണി വരെയുമാകും പ്രവേശനം.