കരകുളം ഗ്രാമപഞ്ചായത്തിലെ നമ്പാട്- കുഴിക്കോണം വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതത്തിനായി തുറന്നു. നിർമ്മാണം പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു.
എംഎൽഎയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ചാണ് കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്. പ്രതിസന്ധികൾക്കിടയിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് സർക്കാർ പരിശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നമ്പാട്, കുഴിക്കോണം വാർഡുകളിലെ ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്ന റോഡിന്റെ നിർമ്മാണം നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തീകരിക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുഴിക്കോണം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു ലേഖ റാണി പങ്കെടുത്തു.
 
								 
															 
								 
								 
															 
															 
				

