വെമ്പായം : വെമ്പായം ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്‌ടമായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചതോടെ പാസായി. പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
മൂന്ന് ബിജെപി അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് അനുകൂലിച്ച് വോട്ടുചെയ്‌തു. എന്നാൽ യുഡിഎഫ് അംഗങ്ങളും എസ്‌ഡിപിഐയുടെ ഒരംഗവും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ആകെ 20 സീറ്റുകളാണ് വെമ്പായം ഗ്രാമപഞ്ചായത്തിലുള്ളത്. എൽഡിഎഫ് ഒൻപത്, യുഡിഎഫ് എട്ട് വീതം അംഗങ്ങളാണുള്ളത്. മാസങ്ങൾക്ക് മുൻപ് പഞ്ചായത്ത് ഓഫീസിൽ തീപിടിത്തം ഉണ്ടായിരുന്നു. പൊതുമരാമത്ത് വിഭാഗത്തിന്റേതായ ഫയലുകളെല്ലാം അന്ന് കത്തിനശിച്ചു.
പഞ്ചായത്തിലെ മല ഇടിച്ചുനിരത്തിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഇത് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്നതാണെന്ന് സിപിഎം ആരോപിച്ചിരുന്നു. പിന്നാലെ കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് ഇപ്പോൾ പാസായത്.