ശാന്തിഗിരിയിൽ വരുന്ന അതിഥികളെ  രാജാവിനെപ്പോലെ സ്വീകരിക്കണം- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

01

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ വരുന്ന അതിഥികളെ ഭൃത്യൻമാർ രാജാവിനെ സ്വീകരിക്കുന്നതുപോലെ സ്വീകരിക്കണമെന്നും ഗുരുവിന്റെ ആശയ പ്രചരണത്തിനുളള ഒരു ഉപാധി കൂടിയാണ് ശാന്തിഗിരി ഫെസ്റ്റെന്നും ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ഫെസ്റ്റ് ഓഫീസിന്റെ റിസപ്ഷൻ & ടിക്കറ്റ് കൗണ്ടറുകളുടെ തിരിതെളിയിക്കൽ ചടങ്ങ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.

നമുക്ക് നേരെ കൈ നീട്ടുന്നവർ യാചകരല്ല. അവരെല്ലാം സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് . മുൻകാലങ്ങളിൽ മുപ്പത് ലക്ഷത്തോളം പേരാണ് ശാന്തിഗിരി ഫെസ്റ്റിൽ എത്തിയത് . 2027 ൽ ലോകത്തുടനീളം നടക്കാൻ പോകുന്ന ഗുരുവിന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ മുന്നൊരുക്കമാണ് ഇത്തവണത്തെ ഫെസ്റ്റ്. ശാന്തിഗിരി ആശ്രമത്തിലെത്തുന്നവരെ ഗുരു സ്വീകരിച്ചതാണ് നമ്മുടെ മാതൃകയെന്നും ഗുരുവിന്റെ സ്നേഹം പങ്കു വെയ്ക്കാനുളള വേദിയായി ആശ്രമത്തിന്റെ ആഘോഷങ്ങൾ മാറണമെന്നും സ്വാമി പ്രവർത്തകരോടായി പറഞ്ഞു. ചടങ്ങിൽ സ്വാമി ഭക്തദത്തൻ, സ്വാമി മനുചിത്ത്, സ്വാമി വന്ദനരൂപൻ, സ്വാമി ജനതീർത്ഥൻ, സ്വാമി അർച്ചിത്, സ്വാമി സായൂജ്യനാഥ് എന്നിവരും വിവിധ ഡിപ്പാർട്ട്മെന്റ് ചുമതലക്കാരും സംബന്ധിച്ചു. ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം ഫിനാൻസ് കൺട്രോളർ ജനനി ഗുരുചന്ദ്രിക ജ്ഞാന തപസ്വിനി നിർവഹിച്ചു. ശാന്തിഗിരി ആത്മവിദ്യാലയം അഡ്വൈസർ സബീർതിരുമല ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.

100 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്ലസ്ടുവരെയുളള വിദ്യാർത്ഥികള്ക്ക് പ്രവേശനം സൗജന്യമാണ്. ഫെസ്റ്റിന്റെ മൂന്നാം പതിപ്പിൽ മുഴുവൻ വ്യത്യസ്തമായ കാഴ്ചകളാണ്. പ്രവേശനകവാടത്തിനടുത്തുളള ഗോശാല മുതൽ ആശ്രമത്തിന്റെ സ്പിരിച്വൽ സോണിലെ ഗുരുവിന്റെ ഉദ്യാനം വരെയുളള ക്രമീകരണങ്ങളിൽ ഓരോയിടത്തും വ്യത്യസ്തത നിറച്ചാണ് ഇത്തവണത്തെ പ്രദർശനം.അവധി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 10 മണി വരെയും പ്രവര്‍ത്തിദിനങ്ങളില്‍ വൈകിട്ട് 3 മണി മുതല്‍ രാത്രി 10 മണി വരെയുമാകും പ്രവേശനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!