പോത്തൻകോട് : ജീവിതലക്ഷ്യം നേടാൻ കേവലം ഭൗതികത മാത്രം പോര, അതിനു ആത്മീയതയെക്കൂടി ചേർത്തുപിടിക്കണമെന്ന് ജില്ലാകളക്ടർ അനുകുമാരി ഐ.എ.എസ്. ശാന്തിഗിരി ഫെസ്റ്റിനോടനുബന്ധിച്ച് പെൺകുട്ടികളുടെ സംസ്കാരികവിഭാഗമായ ഗുരുമഹിമ അന്താരാഷ്ട്ര ഗേൾസ് ഡേയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ. ഇന്ന് ഫിൽട്ടറുകളുടെ കാലമാണ്. നിറം പിടിപ്പിപ്പിച്ചു കാണുന്നതെല്ലാം സത്യമാകണമെന്നില്ല. സാമൂഹ്യമാദ്ധ്യമങ്ങൾ മുഖംമൂടിയണിഞ്ഞ കാര്യങ്ങൾക്ക് അമിതമായ പ്രാധാന്യ നൽകുന്നുവെന്നും സുന്ദരമെന്ന് കരുതുന്ന അത്തരം കാര്യങ്ങളോടുളള അടങ്ങാത്ത ദാഹമാണ് സമൂഹത്തിൽ അനാവശ്യമായ പ്രവണതകൾ സൃഷ്ടിക്കുന്നതെന്നും കളക്ടർ അഭിപ്രായപ്പെട്ടു. സ്ത്രീകളെ ശാക്തീകരിക്കേണ്ട ആവശ്യം ഇന്നില്ല. കാരണം അവർ ശക്തിയുളളവരാണ്. ശക്തിപ്പെടുത്തേണ്ടത് പെൺകുട്ടികൾ ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തെയുമാണ്. ഒരാൾ അറിയപ്പെടേണ്ടത് തൊഴിൽമേഖലയെ അടിസ്ഥാനമാക്കിയല്ല. വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയാകണം. നമുക്ക് ആത്മസംതൃപ്തി ലഭിക്കുന്ന നിലയിൽ ഒരു ലക്ഷ്യത്തെ മനസ്സിൽ ഉറപ്പിച്ച് അതിനായി അഹോരാത്രം പ്രവർത്തിച്ച് അതു നേടണമെന്നും സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ചുകൊണ്ട് കളക്ടർ പറഞ്ഞു.
ശാന്തിഗിരി ആശ്രമത്തിലേക്ക് കടന്നുവന്നപ്പോൾ മനസ്സിന് വല്ലാത്ത ശാന്തത അനുഭവപ്പെട്ടെന്നും സന്ന്യാസിനിമാരെ കണ്ടപ്പോൾ അവരിലൊരാളാകാൻ ആഗ്രഹമുണ്ടായെന്നും പറഞ്ഞുകൊണ്ടാണ് കളക്ടർ പ്രസംഗം ആരംഭിച്ചത്. ആശ്രമത്തിലെത്തിയ കളക്ടർ പ്രാർത്ഥനാലയവും താമരപ്പർണ്ണശാലയും സഹകരണമന്ദിരവും ഗുരുവിന്റെ ഉദ്യാനവും സന്ദർശിച്ചു.
മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനനി വന്ദിത, ജനനി കരുണദീപ്തി, ജനനി സുകൃത, ജനനി കരുണശ്രീ, കുമാരി മിന്ന രജ്ഞിത്ത്, ബ്രഹ്മചാരിണി ശാന്തിദത്ത.ബി, കുമാരി നൗറീൻ ഫാത്തിമ.എസ്.ഡി, ശിവന്യ വേണുഗോപാൽ, കുമാരി നന്മപ്രിയ.ആർ.എസ് എന്നിവർ സംസാരിച്ചു.