വർക്കല : വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിനോടനുബന്ധിച്ച് നടത്തിയ ‘ഗുരുവന്ദനം” പരിപാടി വിജയദശമി ദിനത്തിൽ വേറിട്ട കാഴ്ചയായി. ഗ്രന്ഥശാല ഹാളിൽ നടന്ന “ഗുരുവന്ദനം” പരിപാടി തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം വി.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു.
കലാ-സാഹിത്യ, സാമൂഹിക സാംസ്കാരിക വൈജ്ഞാനിക രംഗങ്ങളിലെ പ്രമുഖരെ “ഗുരുവന്ദനം” പരിപാടിയുടെ ഭാഗമായി ആദരിച്ചു.
ഷാജി.എസ്, മജീഷ്യൻ വർക്കല മോഹൻദാസ്, കവയത്രി ഷീന രാജീവ്, മുത്താന ജി.ഷാജി എന്നിവർ ദേശസേവിനി ഗ്രന്ഥശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദർശിനിയിൽ നിന്ന് ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
മുൻ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ എസ്.ഷാജി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.
ദേശസേവിനി ഗ്രന്ഥശാല പ്രസിഡന്റ് സാബു.എസ് അധ്യക്ഷത വഹിച്ചു. വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബി.ഓമനടീച്ചർ, ഗ്രന്ഥശാല സെക്രട്ടറി എസ് സുദർശനൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബി ശശിധരൻ, വടശ്ശേരിക്കോണം പ്രസന്നൻ,പാലവിള ഷാജി,ശശികുമാർ, അഡ്വ.മുബാറക്ക് റാവുത്തർ, ലൈബ്രേറിയൻ ശരണ്യ ആർ.എസ്, ജ്യോതിഷ് എസ്.എൽ, പ്രസേന സിന്ധു എന്നിവർ പങ്കെടുത്തു.