പ്രകൃതിയുടെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം- വി.ഡി.സതീശന്‍

പോത്തന്‍കോട് : പ്രകൃതിയുടെ താളം തെറ്റിക്കുന്നത് മനുഷ്യനാണ്. ജീവജാലങ്ങളെക്കുറിച്ച് പോലും ചിന്തിക്കാതെ മനുഷ്യന്‍ അത്യാഗ്രഹത്തിനായി പ്രകൃതിയെ ചൂഷണം ചെയ്യുന്നു. മനുഷ്യന്റെ ആരോഗ്യമെന്നത് പ്രകൃതിയുടെ ആരോഗ്യമാണെന്നും വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങലെ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുവാന്‍ സമൂഹത്തെ പ്രാപ്തരാക്കുവാന്‍ വേണ്ടി രൂപം കൊടുത്ത സുസ്ഥിര കേരളം ആക്ഷന്‍ കൗണ്‍സിലിന്റെ ഉദ്ഘാടനം ശാന്തിഗിരിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

പതിനായിരകണക്കിന് വര്‍ഷങ്ങള്‍ കഴിയുമ്പോഴുണ്ടാകേണ്ടുന്ന കാലാവസ്ഥ വ്യതിയാനം ഇന്ന് 150 വര്‍ഷങ്ങള്‍ കൊണ്ടുണ്ടാകുന്നു. പാരിസ്ഥികപ്രശ്‌നങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കിയില്ലെങ്കില്‍ നോഹയുടെ പെട്ടകത്തിലേക്ക് വീണ്ടും കടക്കേണ്ടുന്ന അവസ്ഥ സംജാതമാകും. ഇന്ന് ഏറ്റവും അപകടകരമായി മാറുന്ന ഭൂമിക പശ്ചിമതീരമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ വലിയ ദുരന്തമാണ് കേരളത്തെ കാത്തിരിക്കുന്നത്. 1500ലധികം ചെറുതൂം വലുതുമായ മണ്ണിടിച്ചിലുകളാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നത്.

നാട് ദുരന്തഭൂമിയായി മാറുകയാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ പോലും നമ്മുടെ ജീവിതകാലത്ത് കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് കരുതിയില്ല.രണ്ട് മൂന്ന് വര്‍ഷത്തിനുളളില്‍ കടലും കായലും തമ്മിലുളള അകലം കുറയും.

കളളക്കടല്‍ പ്രതിഭാസം, ചക്രവാതച്ചുഴി തുടങ്ങിയ പുതിയ വാക്കുകള്‍ നമുക്കിടയിലേക്ക് വന്നിരിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ വലിയ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടല്‍ മൂലമുണ്ടാകുന്ന ദുരന്തമാണിതെന്നും വ്യവസായ വിപ്ലവങ്ങളും പ്രകൃതിയിലേക്കുളള മനുഷ്യന്റെ കടന്നുകയറ്റവും വലിയ ആഘാതങ്ങളുണ്ടാക്കുമെന്നും അദ്ധേഹം പറഞ്ഞു.

ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ മന്ത്രി ആന്റണി രാജു, പാളയം ഇമാം ഡോ.സുഹൈബ് മൗലവി, സാല്‍വേഷന്‍ ആര്‍മി ടെറിട്ടോറിയല്‍ കമാന്‍ഡര്‍ കേണല്‍ ജോണ്‍ വില്യം പൊളിമെറ്റ്‌ല, ചരിത്രകാരനായ ഡോ.എം ജി ശശിഭൂഷണ്‍, ആരോഗ്യ വിദഗ്ദ്ധന്‍ ഡോ.എസ്.എസ്.ലാല്‍, ശ്രീഗോകുലം മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. കെ.കെ.മനോജന്‍, തിരുവനന്തപുരം ഡി.സി.സി. വൈസ് പ്രസിഡന്റ് എം.മുനീര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് മുന്‍ രജിസ്ട്രാര്‍ പി. സുദീപ്, സുസ്ഥിരകേരളം സെക്രട്ടറി സാജന്‍ വേളൂര്‍, ഷവലിയാര്‍ കോശി. എം . ജേക്കബ് , ഡോ. മറിയ ഉമ്മന്‍, പ്രമീള.എല്‍, പൂലന്തറ. കെ. കിരണ്‍ദാസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സുസ്ഥിരകേരളം ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ സ്വാഗതവും ശാന്തിഗിരി ആശ്രമം ഫിനാന്‍സ് അഡൈ്വസര്‍ എം. ഡി. ശശികുമാര്‍ നന്ദിയും പറഞ്ഞു.

കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലീയോസ് ക്ലീമീസ് കാതോലിക്ക ബാവയാണ് സുസ്ഥിരകേരളത്തിന്റെ മുഖ്യരക്ഷാധികാരി. വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പത്മഭൂഷണ്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ ആണ് സുസ്ഥിരകേരളത്തിന്റെ മുഖ്യ ശാസ്ത്രഉപദേഷ്ടാവ്. കേന്ദ്രഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞാനായിരുന്ന ജോണ്‍ മത്തായിയാണ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍. നവംബര്‍ അവസാനവാരം തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഇടിഞ്ഞാറില്‍ സുസ്ഥിരകേരളത്തിന്റെ ആദ്യസംരഭത്തിന് തുടക്കമാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!