കായിക്കര പാലം : ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയതായി മന്ത്രി കെ.രാജൻ

eiS8TCW4850

ടി.എസ് കനാലിന് കുറുകെ കായിക്കര പാലം നിർമാണത്തിന് ആറ്റിങ്ങൽ വക്കം, അഞ്ചുതെങ്ങ് എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകിയതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ.

സാമൂഹ്യാഘാത പഠനം പൂർത്തീകരിച്ച് വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലമേറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ നടപടി സ്വീകരിച്ചുവെന്നും അർത്ഥനാധികാരി നഷ്ടപരിഹാര തുക അനുവദിക്കുന്ന മുറയ്ക്ക് ഭൂമി ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതാണെന്നും ഒ.എസ് അംബിക എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

ഈ വിഷയത്തിൽ അടിയന്തരമായി ആറ്റിങ്ങൽ എം.എൽ.എ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചു ചേർത്ത് നടപടി ക്രമങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.

കായിക്കര കടവ് പാലം നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിയിൽ 44 ഭൂവുടമകളിൽ നിന്ന് 50.43 ആർസ് ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. 44 ഭൂവുടമകളിൽ 22 ഭൂവുടമകളുടെ അവാർഡ് പാസ്സാക്കി ഭൂമി ഏറ്റെടുത്ത് അർത്ഥനാധികാരിയായ കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറിയിട്ടുണ്ട്. ബാക്കിയുളള 22 ഭൂവുടമകളുടെ അവാർഡ് പാസ്സാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

വക്കം വില്ലേജിൽ ബ്ലോക്ക് നമ്പർ ഒൻപതിൽ ഉൾപ്പെട്ട 21.60 ആർസ് ഭൂമി 13 ഭൂവുടമകളിൽ നിന്നായി ഏറ്റെടുക്കാനുള്ളതിൽ ഏഴ് ഭൂവുടമകളിൽ നിന്നും 11.59 ആർസ് ഭൂമി ഏറ്റെടുത്ത് അർത്ഥനാധികാരിക്ക് കൈമാറിയിട്ടുള്ളതും നഷ്ടപരിഹാരമായി 1,34,31,498 (ഒരു കോടി മുപ്പത്തി നാല് ലക്ഷത്തി മുപ്പത്തിയൊന്നായിരത്തി നാനൂറ്റി തൊണ്ണൂറ്റി എട്ട് രൂപ) നൽകിയിട്ടുമുണ്ട്. ശേഷിക്കുന്ന അവാർഡ് പാസ്സാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്.

അഞ്ചുതെങ്ങ് വില്ലേജിലെ ബ്ലോക്ക് നമ്പർ എട്ടിൽ 28.83 ആർസ് ഭൂമി 31 ഭൂവുടമകളിൽ നിന്നായി ഏറ്റെടുക്കേണ്ടതും, ആയതിൽ 15 ഭൂവുടമകളിൽ നിന്നും, 10.83 ആർസ് ഭൂമി ഏറ്റെടുത്ത് അർത്ഥനാധികാരിക്ക് കൈമാറി. നഷ്ടപരിഹാരമായി 2,19,74,184 (രണ്ട് കോടി പത്തൊൻപത് ലക്ഷത്തി എഴുപത്തി നാലായിരത്തി നൂറ്റി എൺപത്തി നാല് രൂപ) നൽകിയിട്ടുണ്ട്. 16 ഭൂവുടമകളുടെ അവാർഡ് പാസ്സാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു.

പ്രസ്തുത സ്ഥലമേറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് എൽ.എ കോമ്പൻസേഷൻ ഇനത്തിൽ 6,88,45,531 (ആറ് കോടി എൺപത്തി എട്ട് ലക്ഷത്തി നാൽപ്പത്തി അയ്യായിരത്തി അഞ്ഞൂറ്റി മുപ്പത്തി ഒന്ന് രൂപ) ലഭ്യമായിട്ടുളളതും ആയതിൽ 3,52,99,682 (മൂന്ന് കോടി അമ്പത്തി രണ്ട് ലക്ഷത്തി തൊണ്ണൂറ്റൊൻപതിനായിരത്തി അറുന്നൂറ്റി എൺപത്തി രണ്ട് രൂപ) ഭൂവുടമകൾക്ക് അനുവദിച്ച് നൽകിയിട്ടുള്ളതും 3,35,45,849 (മൂന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷത്തി നാൽപ്പത്തി അയ്യായിരത്തി എണ്ണൂറ്റി നാൽപ്പത്തി ഒൻപത് രൂപ) ബാക്കി ഉള്ളതുമാണ്. സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തീകരിക്കുന്നതിന് 1,28,56,770 (ഒരു കോടി ഇരുപത്തി എട്ട് ലക്ഷത്തി അമ്പത്തി ആറായിരത്തി എഴുന്നൂറ്റി എഴുപത് രൂപ) രൂപ കൂടി ആവശ്യമുളളതും ആയത് ലഭ്യമാക്കുവാൻ അർത്ഥനാധികാരിയായ കേരള റോഡ് ഫണ്ട് ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!