പൊതുശുചിത്വത്തിന്റെ ശരിയായ മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സുകൃതം ശുചിത്വം മാലിന്യമുക്ത വിദ്യാലയ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കന്യാകുളങ്ങര നെടുവേലി ജി.എച്ച്.എസ്.എസിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.
കുട്ടികളിൽ മാലിന്യത്തിന്റെ ഉത്തരവാദിത്തബോധം വളർത്തുകയും ശരിയായ മാലിന്യ നിർമാർജനം സാധ്യമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ് സുകൃതം ശുചിത്വം പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പൊതുശുചിത്വത്തിന്റെ ശരിയായ മൂല്യം വളർത്തിയെടുക്കുന്നതിൽ സമൂഹം പരാജയപ്പെടുന്നുവെന്നും ഫലപ്രദമായ മാലിന്യ നിർമാർജന സംവിധാനങ്ങളിലൂടെ ഓരോ സ്‌കൂളിനേയും പരിസ്ഥിതി സുസ്ഥിരതയുടെ മാതൃകയാക്കി മാറ്റാമെന്നും മന്ത്രി നിർദേശിച്ചു.
സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ക്യാമ്പസുകളും മാലിന്യമുക്തമാക്കാനുള്ള നടപടികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുന്നത്. വിദ്യാലയങ്ങളെമാലിന്യ മുക്തമാക്കുക മാത്രമല്ല ശുചിത്വം, പരിസ്ഥിതി ഉത്തരവാദിത്തം, സുസ്ഥിരത എന്നിവയിൽ വേരൂന്നിയ മാലിന്യ സംസ്‌കരണത്തിൽ ഒരു പുതിയ മാതൃക സൃഷ്ടിക്കുക കൂടിയാണ് സുകൃതം ശുചിത്വം പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശുചിത്വ സമ്പ്രദായങ്ങളിലൂടെ മുഴുവൻ ചുറ്റുപാടുകളും ഉൾക്കൊള്ളുന്ന ഭാവി രൂപീകരിക്കാൻ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലെ അഞ്ച് ഹൈസ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഘട്ടംഘട്ടമായി പദ്ധതി എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും.
സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെമ്പായം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം പ്രഭാകുമാരി.ഒ അധ്യക്ഷയായിരുന്നു. വാർഡ് മെമ്പർ നിഷാ മോഹൻ, പൊതുവിദ്യാഭ്യാസവകുപ്പ് അഡീഷണൽ ഡയറക്ടർ സന്തോഷ് സി.എ, സ്‌കൂൾ പ്രിൻസിപ്പാൾ ബിന്ദു.എസ്, ഹെഡ്മിസ്ട്രസ് ഹാമിലാബീവി എസ്.എ എന്നിവരും പങ്കെടുത്തു.