അവശ്യ ഭക്ഷ്യധാന്യങ്ങളും നിത്യോപയോഗ സാധനങ്ങളും മികച്ച ഗുണനിലവാരത്തിലും മിതമായ നിരക്കിലും പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വെമ്പായം ഗ്രാമപഞ്ചായത്തിലെ അയിരൂപ്പാറയിൽ മാവേലി സൂപ്പർ സ്റ്റോർ പ്രവർത്തനം തുടങ്ങി. സപ്ലൈകോയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച മാവേലി സൂപ്പർ സ്റ്റോർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും പ്രാധാന്യം നൽകുന്ന സർക്കാരാണ് കേരളത്തിലേതെന്നു മന്ത്രി പറഞ്ഞു. വിലക്കയറ്റം ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികളാണ് സപ്ലൈക്കോ മാവേലി സൂപ്പർ മാർക്കറ്റുകളിലൂടെയും മറ്റ് സംവിധാനങ്ങളിലൂടെയും നടപ്പാക്കുന്നതെന്നും പൊതുവിപണിയിൽ വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോയുടെ ഇടപെടലുകളിലൂടെ സാധിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നെടുമങ്ങാട് താലൂക്കിലെ 106മത്തെയും വെമ്പായം ഗ്രാമ പഞ്ചായത്തിലെ മൂന്നാമത്തെയും മാവേലി സൂപ്പർ മാർക്കറ്റ് ആണ് അയിരൂപാറ പ്രവർത്തനം തുടങ്ങിയത്.
വെമ്പായം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജുമായ ഒ. പ്രഭകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, വാർഡ് മെമ്പർ ബിന്ദു ബാബുരാജ്, ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങൾ, സപ്ലൈകോ തിരുവനന്തപുരം മേഖലാ മാനേജർ എ. സജാദ്, സപ്ലൈകോ നെടുമങ്ങാട് ഡിപ്പോ മാനേജർ ഡോ. അമ്പിളി അശോക് എന്നിവരും പങ്കെടുത്തു.