പാലോടും സമീപ പ്രദേശത്തുള്ള പത്ത് പഞ്ചായത്തുകളിലും വൈദ്യുതി തടസവും വോൾട്ടേജ് ക്ഷാമവും ഇനി പഴങ്കഥ. കെ.എസ്.ഇ.ബി പാലോട് 110 കെ.വി സബ് സ്‌റ്റേഷൻ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തതോടെ നാട്ടുകാരുടെ സുദീർഘമായ പരാതിക്ക് പരിഹാരമായി.
സർക്കാർ വൈദ്യുതി പ്രസരണ രംഗത്തെ വികസനത്തിന് ഉയർന്ന പ്രാമുഖ്യം നൽകിവരികയാണെന്നും അതിനായി ട്രാൻസ്ഗ്രിഡ് 3.0 പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി മേഖലയിൽ സംസ്ഥാന സർക്കാർ ഒരു കുതിച്ചുചാട്ടത്തിന്റെ പാതയിലാണെന്നും ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 958.58 മെഗാവാട്ട് അധിക ഉത്പാദനശേഷി കൈവരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസരണമേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രസരണശൃംഖലയിലെ ഏറ്റവും പഴക്കമേറിയ സബ് സ്റ്റേഷനുകളിലൊന്നായ പാലോട് പാണ്ഡ്യൻപാറയിലുള്ള 66 കെ.വി സബ്‌സറ്റേഷനാണ് 110 കെ.വി ആയി ശേഷി ഉയർത്തിയത്. ഇതിനായി 110 കെ.വി ശേഷിയുള്ള പുതിയ രണ്ട് ഫീഡറുകൾ നിർമിക്കുകയും 12.5 എം.വി.എ ശേഷിയുള്ള രണ്ട് ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കുകയും ചെയ്തു. പദ്ധതി യാഥാർത്ഥ്യമായതോടെ നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട്, കല്ലറ, തൊളിക്കോട്, വിതുര, പനവൂർ, ആനാട്, ചിതറ, കടയ്ക്കൽ പഞ്ചായത്തുകളിലെ ഏകദേശം 42,000ത്തോളം ഉപഭോക്താക്കൾക്കാണ് വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നത്.
വൈദ്യുതി വകുപ്പിന്റെ ഏറ്റവും പഴക്കമേറിയ സബ്‌സ്റ്റേഷനുകളിലൊന്നാണ് പാലോട് 66-കെവി സബ്‌സ്റ്റേഷന്‍. 1980-ലാണ് പാലോട് സബ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ ആറ്റിങ്ങല്‍ സബ് സ്റ്റേഷനില്‍നിന്ന് 19.4 കിലോമീറ്റര്‍ സിംഗിള്‍ സര്‍ക്യൂട്ട് ലൈനിലൂടെയാണ് വൈദ്യുതി പാലോട് സബ് സ്റ്റേഷനില്‍ എത്തിക്കുന്നത്.
പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഡി.കെ മുരളി എംഎൽഎ അധ്യക്ഷനായിരുന്നു. കെ. എസ്.. ബി. എൽ പ്രസരണ വിഭാഗം ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ സജി പൗലോസ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാർ എന്നിവരും പങ്കെടുത്തു.