ആറ്റിങ്ങൽ: സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവതികളെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തകേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കൊടുങ്ങല്ലൂർ വാഴൂർ പരിയാരത്ത് വീട്ടിൽ കൃഷ്ണരാജാണ് (24) അറസ്റ്റിലായത്. ആറ്റിങ്ങൽ മുദാക്കൽ വാളക്കാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
സമ്പന്നകുടുംബങ്ങളിലെ യുവതികളെ സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ടാണ് ഇയാൾ തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിലും ഫെയ്സ് ബുക്കിലും സിനിമാനിർമാതാവെന്ന രീതിയിലാണ് ഇയാൾ പ്രൊഫൈൽ തയ്യാറാക്കി അവതരിപ്പിച്ചിരിക്കുന്നത്. ആകർഷകമായ റീൽസ് ചെയ്ത് യുവതികളെ വശത്താക്കുകയാണ് ചെയ്യുന്നത്. പരിചയപ്പെടുന്ന യുവതികളെ ലൈംഗികമായി പീഡിപ്പിച്ചശേഷം അതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്വർണവും പണവും തട്ടിയെടുക്കുന്നത്.
കൃഷ്ണരാജിന്റെ ഭീഷണിയെത്തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് വാളക്കാട് സ്വദേശി പരാതി നല്കിയിരുന്നു. ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ കണ്ണൂർ സ്വദേശിയായ ഒരു യുവതിയുമായി ഇയാൾ സൗഹൃദത്തിലാണെന്ന് മനസ്സിലായി. പ്രതി കണ്ണൂരിലുണ്ടെന്ന് വിവരം കിട്ടിയതിനെത്തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി. എസ്.മഞ്ജുലാലിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ സജിത്, ജിഷ്ണു, ബിജുഹക്ക്, സുനിൽകുമാർ, എസ്.സി.പി.ഒ.മാരായ ശരത് കുമാർ, സീന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ണൂരിൽ നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
യുവാക്കൾക്ക് യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് വിസ നല്കാമെന്ന് പറഞ്ഞും സിനിമകളിൽ അവസരം തരപ്പെടുത്തി നല്കാമെന്ന് പറഞ്ഞും പലരിൽ നിന്നും ഇയാൾ പണം തട്ടിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആഴ്ചതോറും ഫോണുകളും സിമ്മുകളും മാറ്റി മാറ്റി ഉപയോഗിക്കുന്ന പ്രതിയെ സമൂഹമാധ്യമ അക്കൗണ്ടുകൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.