മണമ്പൂർ ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്താണ് ചാക്കിലാക്കിയ കെട്ട് കണക്കിന് മാലിന്യം രാത്രിയുടെ മറവിൽ വാഹനത്തിൽ എത്തിച്ച് വലിച്ചെറിഞ്ഞത്.
കഴിഞ്ഞദിവസം രാത്രി 11 മണിയോടെ പ്രദേശവാസിയായ ഒരാൾ ബൈക്കിൽ വരുമ്പോഴാണ് വലിയ പിക്കപ്പിലെത്തിച്ച മാലിന്യ ചാക്കുകൾ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടത്. പ്രദേശവാസിയെ കണ്ട് മാലിന്യവുമായി എത്തിയ വാഹനവുമായി വന്നവർ കടന്നു കളഞ്ഞു . ഈ വാഹനത്തിന് സമീപത്തായി ഇരുചക്ര വാഹനത്തിൽ മറ്റൊരാളും നിൽക്കുന്നുണ്ടായിരുന്നു. രാത്രിയിൽ കൊണ്ടുവന്ന മാലിന്യം ചാക്കുകളിൽ വിവിധ ഇടങ്ങളിലായി നിക്ഷേപിച്ചിരുന്നു.
നാട്ടുകാർ ചാക്കുകെട്ടുകൾ ഇളക്കി പരിശോധിച്ചതിൽ നിന്ന് കഴക്കൂട്ടത്തെ ടെക്നോപാർക്കുമായി ബന്ധപ്പെട്ടചില രേഖകൾ ലഭിച്ചു. ടെക്നോപാർക്കിലെ ചില നമ്പരുകളുമായി ബന്ധപ്പെട്ടപ്പോൾ ഒരു ഏജൻസിയാണ് ഈ മാലിന്യം ശേഖരിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു. എന്നാൽ ഈ മാലിന്യം ശേഖരിച്ച് ശേഷം സംസ്കരണശാലകളിൽ എത്തിക്കുന്നതിന് പകരം ഇത് ആൾ ഒഴിഞ്ഞ സ്ഥലങ്ങളിൽ വലിച്ചെറിയുകയാണ് പതിവ്.
പേപ്പർ,പ്ലാസ്റ്റിക്, നാപ്കിനുകൾ, ഭക്ഷണാവശിഷ്ടങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ തുടങ്ങിയവയാണ് ചാക്കിൽ ഉണ്ടായിരുന്നത്. പ്രദേശവാസികൾ നിയമനടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്, പോലീസ്, പഞ്ചായത്ത്,തുടങ്ങിയ സ്ഥലങ്ങളിൽ പരാതി നൽകും. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.