സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് നടപ്പാക്കുന്ന ‘സമന്വയം’ (ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ) പദ്ധതിയുടെ വാമനപുരം മണ്ഡലതല ഉദ്ഘാടനം പെരിങ്ങമല ഷാ ഓഡിറ്റോറിയത്തിൽ കമ്മീഷൻ ചെയർമാൻ അഡ്വ. എ. എ റഷീദ് നിർവഹിച്ചു.
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 18 നും 59 നും വയസിനിടയിലുള്ളവർക്ക് പദ്ധതി ഗുണപ്രദമാകുമെന്നും 2024 ഡിസംബർ മാസത്തിനുള്ളിൽ ഒരു ലക്ഷം തൊഴിൽ രഹിതർക്ക് പദ്ധതിയിലൂടെ തൊഴിൽ ലഭ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള നോളജ് ഇക്കോണമി മിഷൻ പ്രതിനിധികൾ ഉദ്യോഗാർത്ഥികൾക്കായി പദ്ധതിയും സേവനങ്ങളും പരിചയപ്പെടുത്തി. വാമനപുരം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 830 ഉദ്യോഗാർത്ഥികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു.
കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, പഞ്ചായത്ത് അംഗങ്ങളായ ഷാൻ തടത്തിൽ, നസീമ ജെ.എസ്, സമന്വയം ജില്ലാ കോ-ഓർഡിനേറ്റർ പ്രൊഫസർ അബ്ദുൽ അയ്യൂബ് എന്നിവരും പങ്കെടുത്തു.