അരുവിക്കര നിയോജകമണ്ഡലത്തിലുൾപ്പെടുന്ന തൊളിക്കോട് ഗവൺമെന്റ് യു.പി സ്കൂളിനും (പുളിമൂട്), മൈലം ഗവൺമെന്റ് എൽ.പി സ്കൂളിനും പുതിയ കെട്ടിടങ്ങളുയരുന്നു. കെട്ടിടങ്ങളുടെ തറക്കല്ലിടൽ കർമ്മം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. സ്കൂളുകളുടെ പശ്ചാത്തല സൗകര്യവികസനത്തിൽ കേരളം ബഹുദൂരം മുന്നിലാണെന്നും ഭാവിയിലേക്കുള്ള നിക്ഷേപങ്ങളാണ് വിദ്യാഭ്യാസമേഖലയിൽ നടക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.
തൊളിക്കോട് ഗവൺമെന്റ് യു.പി സ്കൂളിന് സംസ്ഥാനസർക്കാരിന്റെ വിദ്യാഭ്യാസ വികസന പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബഹുനില മന്ദിരം നിർമിക്കുന്നത്. രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികളാണുള്ളത്. 369.6 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത്.
130 വർഷം പഴക്കമുള്ള മൈലം ഗവൺമെന്റ് എൽ.പി.എസിന് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്. 180 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ മൂന്ന് ക്ലാസ് മുറികൾ, സ്റ്റെയർ റൂം, വരാന്ത, ടവർ റൂം എന്നിവയുൾപ്പെടുന്നതാണ് കെട്ടിടം.
തൊളിക്കോട് ഗവൺമെന്റ് യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ സുരേഷ് അധ്യക്ഷനായിരുന്നു. മൈലം ഗവൺമെന്റ് എൽ.പി.എസിൽ നടന്ന ചടങ്ങിൽ അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല അധ്യക്ഷത വഹിച്ചു.