ആലംകോട് : ഇടിമിന്നലിൽ ജീവൻ പൊലിഞ്ഞ മിഥുന്റെ വിയോഗം വിശ്വസിക്കാൻ കഴിയാതെ മിഥുൻറെ ബന്ധുക്കളും നാട്ടുകാരും. തീർത്ഥാടന കേന്ദ്രമായ താന്നിമൂട് തിരിച്ചിട്ടപ്പാറ സന്ദർശനത്തിനെത്തിയ ആലംകോട് പനയാട്ടുകോണം മേവർക്കൽ ജീവ നിവാസിൽ മധു – ജീജ ദമ്പതികളുടെ മകൻ മിഥുന്റെ (16) വിയോഗം പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാനായിട്ടില്ല.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12ഓടെയാണ് മിഥുനും സുഹൃത്ത് ഷൈനും താന്നിമൂട് എത്തിയത്. ശക്തമായ മഴയും ഇടിയും മിന്നലുമുണ്ടായിരുന്നു. കുന്നിന് മുകളിലെ തിരിച്ചിട്ടപ്പാറ ക്ഷേത്രത്തോടു ചേർന്നുള്ള പാറക്കല്ലിനടിയിൽ നിൽക്കുമ്പോഴാണ് മിഥുൻ മിന്നലേറ്റ് തത്ക്ഷണം മരിച്ചത്. എന്തുചെയ്യണമെന്നറിയാതെ ഷൈൻ നിലവിളിച്ച് റോഡിലേക്ക് ഓടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
നിർദ്ധന കുടുംബാംഗമാണ് മിഥുൻ. പിതാവ് ഉപേക്ഷിച്ച് പോയതോടെ അമ്മ ജീജ നടത്തുന്ന പെട്ടിക്കടയിലെ തുച്ഛമായ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.ഇതുകൊണ്ടുമാത്രം രണ്ട് കുട്ടികളുടെയും വിദ്യാഭ്യാസം നടക്കാത്തതിനാൽ പ്ലസ് വണ്ണിൽ പഠനം ഉപേക്ഷിച്ച് മിഥുൻ കൂലിപ്പണിക്ക് പോയി. എന്നാൽ മിഥുന്റെ വിയോഗം ഏവരെയും ഞെട്ടിച്ചു