നഗരൂരിൽ പോലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തു എന്ന് ആരോപിച്ച് പട്ടികജാതിക്കാരനായ മധ്യവയസ്കനെ സ്റ്റേഷനിൽ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി.
നഗരൂർ ചെക്കാലക്കോണം വാറുവിള വീട്ടിൽ സുരേഷ്( 45)നെയാണ് നഗരൂർ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇത് സംബന്ധിച്ച് സുരേഷ് ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് പരാതി നൽകി.ഗുരുതരമായി പരിക്കേറ്റ സുരേഷ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ശവസംസ്കാരവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന സുരേഷ് കഴിഞ്ഞ ദീപാവലി ദിവസം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ പോലീസ് സ്റ്റേഷൻ ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കണ്ടു. ഇതിന്റെ ഭംഗി കണ്ട് സുരേഷ് ഇത് മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോ പകർത്തി. ഇത് കണ്ട് സ്റ്റേഷനിലെ പോലീസുകാർ എന്തിന് വീഡിയോ പകർത്തി എന്ന് ചോദിച്ചുകൊണ്ട് സുരേഷിനെ സ്റ്റേഷന് അകത്തേക്ക് കൊണ്ടുപോയെന്നും തുടർന്ന് നടന്ന മർദ്ദനത്തിൽ ഇയാളുടെ ബോധം നഷ്ടപ്പെട്ടു എന്നും പരാതിയിൽ പറയുന്നു. കൂടെയുണ്ടായിരുന്ന ഒരു സുഹൃത്താണ് വിവരം വീട്ടിൽ അറിയിച്ചതെന്ന് പറയുന്നു. ശേഷം ഭാര്യ വന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ജോലിക്ക് പോകാൻ കഴിയാത്തതിനാൽ കിളിമാനൂർ കേശവപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരിക്കുകയാണ് സുരേഷ്. മുഖ്യമന്ത്രിക്കടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് കുടുംബം പറയുന്നു.
എന്നാൽ അന്നേദിവസം മദ്യപിച്ച് സുരേഷ് പോലീസ് സ്റ്റേഷനിൽ മുന്നിൽ പരാതി നൽകാൻ എത്തിയവരും നാട്ടുകാരും നോക്കിനിൽക്കെ പോലീസുകാരെ ഉറക്കെ അസഭ്യം വിളിക്കുകയും തുടർന്ന് പോലീസുകാർ ഇയാളെ സ്റ്റേഷനു അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയും പിന്നീട് ഒരു പെറ്റി കേസ് ചാർജ് ചെയ്യുതു ഇയാളെ വിട്ടയക്കുകയും ആയിരുന്നു എന്നാണ് പോലീസ് ഭാഷ്യം.