ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ.യിൽ നവംബർ ഒന്നിന് മലയാള ഭാഷാ പ്രതിജ്ഞയോടുകൂടി ആരംഭിച്ച മലയാള ഭാഷാവാരാഘോഷം അക്ഷരത്താളുകൾ കൊണ്ട് മാറ്റുരച്ച കവിയരങ്ങോടുകൂടി സമാപനം കുറിച്ചു.
കവിയരങ്ങിൽ പ്രശസ്ത കവികളായ മടവൂർ സുരേന്ദ്രൻ, ശശി മാവിൻമൂട്, ബാബു പാക്കനാർ, അസീം താന്നിമൂട്, ആനപ്പുഴക്കൽ അനിൽ എന്നിവരും പ്രശസ്ത നോവലിസ്റ്റ് വിഷ്ണുലാൽ സുധയും പങ്കെടുത്തു. കഥാരചന, കവിതാരചന, ഉപന്യാസരചനാമത്സരം , ക്വിസ് പ്രോഗ്രാം, മലയാള ഗാനാലാപനം, കേട്ടെഴുത്ത് തുടങ്ങി ഒട്ടേറെ പരിപാടികൾ ഭാഷാവാരാഘോഷത്തോടനുബന്ധിച്ച് നടത്തിയിരുന്നു.
പി.ടി.എ പ്രസിഡന്റ് എൽ.ഷാജിയുടെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം പ്രശസ്ത കവി മടവൂർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മലയാള ഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും വിശിഷ്ടാതിഥികൾക്കുള്ള ഉപഹാര സമർപ്പണവും പ്രിൻസിപ്പൽ അനിൽകുമാർ.ടി നിർവഹിച്ചു.
ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ഹരികൃഷ്ണൻ.എൻ, സന്തോഷ്.കെ, ട്രെയിനീസ് കൗൺസിൽ പ്രതിനിധി ആദിത്യ ശങ്കർ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ മിനി.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.മിഥുൻലാൽ കൃതജ്ഞതയും രേഖപ്പെടുത്തി.