വർക്കല : ജോയിന്റ് കൗൺസിൽ വർക്കല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിയുടെ ഭാഗമായി ജീവനക്കാർ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പുത്സവം നാടിന് വേറിട്ട കാഴ്ചയായി. തരിശായി കിടന്ന ഒരേക്കറോളം വരുന്ന ചെമ്മരുതി-പനയറ പാടശേഖരത്തിലാണ് മേഖലയുടെ കീഴിലെ വിവിധ കാര്യാലയങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർ നെൽകൃഷി ചെയ്തു നൂറുമേനി വിളയിച്ചത്. കഴിഞ്ഞ ജൂലൈ അവസാനവാരം ജോയിന്റ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എം.എസ് സുഗൈദകുമാരി ഞാറ് നട്ടു കൊണ്ട് ആരംഭിച്ച നെൽകൃഷിയുടെ ഓരോ ഘട്ടത്തിലും “ഫയലിൽ നിന്നും വയലിലേക്ക്” ഇറങ്ങിയ ജീവനക്കാരുടെ നൂറുമേനി കൊയ്യാനുള്ള വീറും വാശിയും അനുകരണീയമായിരുന്നു.
സ്വകാര്യ വ്യക്തികളിൽ നിന്നും പാട്ടത്തിനെടുത്ത തരിശു പാടത്താണ് ഉടമകളുടെ സമ്മതപ്രകാരം 120 ദിവസം കൊണ്ട് വിളയുന്ന ‘ഉമ’ ഇനത്തിൽപ്പെട്ട അത്യുൽപാദന ശേഷിയുള്ള നെൽവിത്തെറിഞ്ഞ് കൃഷി ആരംഭിച്ചത്.
കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ (കെഎടിഎസ്എ), കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) ഭാരവാഹികളുടെ നേതൃത്വവും കൃഷി ഉദ്യോഗസ്ഥരുടെ മാർഗ്ഗനിർദ്ദേശങ്ങളും ഒത്തുചേർന്നപ്പോൾ ഫയലിൽ നിന്നും വയലിലേക്ക് ഇറങ്ങിയ ജീവനക്കാർക്ക് നെൽകൃഷിയിൽ നൂറുമേനി കൊയ്യാൻ എളുപ്പമായി. നില മൊരുക്കിയത് മുതൽ വിളവെടുപ്പ് വരെയുള്ള മുഴുവൻ ഘട്ടങ്ങളിലും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വർദ്ധിച്ച പങ്കാളിത്തമുണ്ടായി. അവധി ദിവസങ്ങളിൽ പോലും കൃഷി ഉദ്യോഗസ്ഥർ നിർദ്ദേശങ്ങൾ നൽകാനെത്തിയത് ജീവനക്കാരിലെ ആവേശം ഇരട്ടിയാക്കി. പൂർണ്ണമായും ജൈവ രീതി അവലംബിച്ചാണ് നെൽകൃഷി ചെയ്തത്.
വിവിധ കാര്യാലയങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ജോലിക്കിടയിലെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും മാനസിക ഉല്ലാസത്തിനും ഒപ്പം മണ്ണിനെയും കൃഷിയെയും സ്നേഹിക്കാനുള്ള സന്ദേശം യുവ തലമുറയ്ക്ക് പകർന്നു നൽകാനും നെൽകൃഷി സഹായിച്ചതായി ജോയിന്റ് കൗൺസിൽ വർക്കല മേഖലാ പ്രസിഡന്റ് ടി.ജെ കൃഷ്ണകുമാറും സെക്രട്ടറി ശ്യാംരാജും പറഞ്ഞു.
ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ വർക്കല പനയറ ഏലായിൽ നടന്ന കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ് സുഗൈദകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ബാലകൃഷ്ണൻ, ആർ.സരിത, ടി. അജികുമാർ ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ് സജീവ്, സെക്രട്ടറി സതീഷ് കണ്ടല ട്രഷറർസി. രാജീവ് എന്നിവർ പങ്കെടുത്തു.
നോർത്ത് ജില്ലാ-മേഖലാ ഭാരവാഹികളായ എ.ആർ അരുൺജിത്ത്, വി.സന്തോഷ്, പുത്തൻകുന്ന് ബിജു, വൈ.സുൽഫീക്കർ, ഷൈൻദാസ് വൈ, ദിലീപ് കുമാർ, മനോജ്, ടി.ജെ കൃഷ്ണകുമാർ, ശ്യാംരാജ്, ഉഷാകുമാരി, മായ, ഭാമിദത്ത്,ലിജു വർക്കല തുടങ്ങിയവർ നേതൃത്വം നൽകി.
കൊയ്തെടുത്ത നെല്ല് സപ്ലൈകോയ്ക്ക്
വിൽക്കുമെന്നും ലഭിക്കുന്ന തുക “വിശക്കരുതാരും സാന്ത്വന സ്പർശം” പദ്ധതിയിലേക്ക് സംഭാവനയായി നൽകുമെന്നും ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ് സജീവ്,സെക്രട്ടറി സതീഷ് കണ്ടല എന്നിവർ അറിയിച്ചു.