കടയ്ക്കാവൂരിൽ മോഷണ കേസിലെ പ്രതി അറസ്റ്റിൽ. വക്കം ഇറങ്ങുകടവ് വാടയിൽ വീട്ടിൽ മീരയുടെ വീട്ടിൽ കഴിഞ്ഞ അഞ്ചാം തീയതി രാത്രി 11 മണിയോടുകൂടി വീടിന്റെ പുറകുവശത്ത് സൂക്ഷിച്ചിരുന്ന ഓട്ട് വിളക്കും ഉരുളിയും മോഷ്ടിച്ചെടുത്തു ഒളിവിൽ പോയ പ്രതിയായ വക്കം കൊന്ന വിളാകം വീട്ടിൽ നിഷാന്തി (37) നെ ആണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
രാത്രി മീരയുടെ വീടിന്റെ ടെറസിൽ കയറി ഒളിചിരിക്കുകയും രാത്രി വീട്ടുകാർ ഉറങ്ങിയ സമയം പുറത്തിറങ്ങി വീടിന്റെ പുറകുവശത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങൾ മോഷ്ടിച്ചെടുക്കുകയും ചെയ്യുന്ന വീഡിയോ സിസിടിവിയിൽ പതിഞ്ഞാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. മോഷണത്തിനു ശേഷം വീട്ടിലെ സി.സി.ടി.വി. ക്യാമറകൾ പ്രതി നശിപ്പിക്കുകയും ചെയ്തു.
മോഷണത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്. ഓ.സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ പോലീസ് ഓഫീസർമാരായ സഹിൽ, ജയപ്രസാദ്,ശ്രീകുമാർ ജയകുമാർ, ഷാഫി, സുരാജ് ഷജീർ,സുജിൽ , എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം വിവിധ സ്ഥലങ്ങളിൽ അന്വേഷിച്ച് വരവേ വക്കത്തുള്ള വീട്ടിൽ രഹസ്യമായി എത്തിയ സമയം പോലീസ് സംഘം വീടുവളഞ്ഞാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്ക് വർക്കല, കടക്കാവൂർ,പൂയ പള്ളി തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളും, അടിപിടി, പിടിച്ചുപറി, കൊലപാതകശ്രമം,,മയക്കുമരുന്ന് കേസുകൾ തുടങ്ങി പത്തോളം കേസുകൾ നിലവിലുണ്ട്.നിരവധി കേസുകളിൽ പ്രതിയായ നിഷാന്ത് വർക്കല പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട ആളാണ്.നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള നിഷാന്ത് ജയിലിൽ നിന്നിറങ്ങി മോഷണം നടത്തുന്നത് പതിവാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.