കഠിനംകുളം : 20 കോടിയോളം വിലമതിക്കുന്ന തിമിംഗല ഛർദി എന്ന അമ്പർ ഗ്രീസ് കഠിനംകുളം മരിയനാട് കടലിൽ കണ്ടെത്തി. മത്സ്യബന്ധനത്തിനിടെ ഉൾക്കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയ തിമിംഗല ഛർദി മത്സ്യ തൊഴിലാളികൾ സുരക്ഷിതമായി മരിയനാട് തീരത്ത് എത്തിക്കുകയും തുടർന്ന് ബന്ധപ്പെട്ട വിഭാഗത്തെ വിവരം അറിയിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് കോസ്റ്റൽ പോലീസ് – വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പരിശോധ നടത്തുകയും ചെയ്തു.
17 ഓളം കിലോ ഛർദിയാണ് വനം വകുപ്പ് വിഭാഗം ഏറ്റെടുത്തത്.തുടർന്ന് പാലോട് റെയ്ഞ്ച് ഉദ്യോഗസ്ഥർ പ്രത്യേകമായി പാക്ക് ചെയ്യ്ത് മറ്റു നടപടികൾ കൈകൊണ്ട ശേഷം റെയ്ഞ്ച് ഓഫീസിലേക്ക് കൊണ്ട് പോയി.
കഠിനംകുളം മരിയനാട് മത്സ്യ വികസന ക്ഷേമ വികസന സംഘത്തിലെ സെൻ്റ് ജോസഫ് ഗ്രൂപ്പിലുള്ള പന്ത്രണ്ട് വള്ളങ്ങളിൽ നിന്നുള്ള 60 ഓളം മത്സ്യ തൊഴിലാളികളാണ് കടലിലെ നിധിയെന്നും ഒഴുകുന്ന സ്വർണമെന്നൊക്കെ പറയുന്ന തിമിംഗല ഛർദി കരക്കെത്തിച്ചത്. മത്സ്യബന്ധനത്തിന് പോയ കുമാർ, സുരേഷ്, മോസസ്, സുനിൽ, ജോൺസൻ , ചാൾസ് റോബിസൻ, ടോണി, ടിറ്റോ, സുരജ്, ജോബിൻ എന്നിവരുടെ സംഘം ഇത് ലഭിച്ചതോടെ തീരത്തേക്ക് മടങ്ങുകയായിരുന്നു. അത്യപൂര്‍വമായ തിമിംഗല ഛർദ്ദിക്ക്. 1.25 കോടിയോളം രൂപയാണ് വിപണിയില്‍ ലഭിക്കുക.
പാലോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെത്തിക്കുന്ന ചർദ്ദി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ലാബിൽ നൽകി പരിശോധിച്ചാൽ മാത്രമേ ഇതിൻ്റെ മൂല്യവും കാലപഴക്കവും കണക്കാൻ കഴിയുകയുള്ളു എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സി.ഐ ചന്ദ്രദാസ് , കഠിനംകുളം സി.ഐ സാജൻ, പാലോട് ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസർ ആർ രാജേഷ് പിള്ള , കഠിനക്കുളം എസ് ഐ അനൂപ്, കോസ്റ്റൽ എസ് ഐ രാഹുൽ, എ എസ് ഐ റിയാസ് , ഫോറസ്റ്റ് സെക്ഷൻ ഓഫീസർ വിനിത, ബീറ്റ് ഓഫീസർ രാജേഷ് ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസർ സി ആർ ശ്രീകുമാരൻ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.