ഉത്തരവാദിത്ത മാലിന്യ സാംസ്കരണത്തിന് ഏറെ പ്രാധാന്യം നൽകി വരുന്ന വിതുര ഗ്രാമ പഞ്ചായത്ത് തങ്ങളുടെ കീഴിൽ വരുന്ന സ്കൂളുകളിലെ മൈക്രോ പ്ലാസ്റ്റിക് സംസ്കരിക്കുന്നതിനായി ഇക്കോ ബ്രിക്കുകൾ തയ്യാറാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ഹരിത സേനയ്ക്ക് വെല്ലു വിളിയായ മൈക്രോ പ്ലാസ്റ്റിക്ക് ഘടകങ്ങളായ മിട്ടായിയുടെയും ചോക്ലേറ്റിന്റെയും റാപ്പറുകൾ, സിപ് അപ് കവറുകൾ തുടങ്ങിയ ചെറു പ്ലാസ്റ്റിക് വസ്തുക്കളാണ് വിദ്യാർത്ഥികളിലൂടെ ശാസ്ത്രീയമായി സം സ്കാരിക്കാൻ വിതുര ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി വിതുര ഗവ. വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ കാർബൻ ന്യൂട്രൽ വിതുര പദ്ധതിയുടെ ഭാഗമായി വിജയകരമായി നടപ്പിലാക്കി വരുന്ന പ്രവർത്തനം പഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങളിൽ കൂടി വ്യാപിപ്പിക്കുയാണ് ആദ്യ ഘട്ടം. ഇതിന്റെ ഭാഗമായി ഇക്കൊ ബ്രിക്കുകൾ തയ്യാറാക്കുന്നതിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വിതുര ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ ഹരിത സഭയിൽ പ്രാഥമിക പരിശീലനം നൽകുകയുണ്ടായി. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച് മൈക്രോ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പ്ലാസ്റ്റിക് ബോട്ടിൽ നിറഞ്ഞു വരുന്നതിനനുസരിച്ചു ഉള്ളിലേക്ക് പ്രസ്സ് ചെയ്ത് കുപ്പികളിൽ പരമാവധി പ്ലാസ്റ്റിക് നിറയ്ക്കും.ഇത്തരത്തിൽ പരമാവധി പ്ലാസ്റ്റിക് ഘടകങ്ങൾ നിറച്ച കുപ്പികളെയാണ് ഇക്കോ ബ്രിക്കുകൾ എന്ന് അറിയപ്പെടുന്നത്. ഇത്തരത്തിൽ തയ്യാറാക്കുന്ന ഇക്കൊ ബ്രിക്കുകൾ ഉപയോഗിച്ച് ചെടിച്ചട്ടികൾ ഉൾപ്പടെയുള്ളവ തയ്യാറാക്കാൻ കഴിയും. ഏറ്റവും മികച്ച രീതിയിൽ ഇക്കൊ ബ്രിക്കുകൾ തയ്യാറാക്കുന്ന സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേക സമ്മാനങ്ങൾ നൽകുമെന്ന് വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ് അറിയിച്ചു.