നിരത്തുകളിലെ സ്വകാര്യ ബസ്സുകളുടെ മത്സരഓട്ടം അവസാനിപ്പിക്കുക : എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നാളെ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് മാർച്ച് ചെയ്യും.
ആറ്റിങ്ങൽ നഗരത്തിലൂടെ സ്വകാര്യ
ബസ്സുകളുടെ മത്സര ഓട്ടം അവസാനിപ്പിക്കാൻ അടിയന്തരമായി നടപടികൾ കൈക്കൊള്ളണമെന്ന് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
സ്കൂൾ സമയങ്ങളിൽ പോലും ഏതൊരു ശ്രദ്ധയും ഇല്ലാതെയാണ് സ്വകാര്യ ബസുകൾ നിരത്തുകളിലൂടെ ഓടുന്നത്. സമയത്തു മറ്റ് ബസ്സുകൾക്ക് മുന്നേ ഓടിയെത്തുന്നതിന് വേണ്ടി യാതൊരുവിധ ട്രാഫിക് നിയമങ്ങളും പാലിക്കാതെയാണ് നിരത്തുകളിലൂടെ സ്വകാര്യ ബസ്സുകൾ ഓടിക്കുന്നത്.
ഇതുപോലെയുള്ള മത്സര ഓട്ടത്തിനിടയിലാണ് ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ബസ് തട്ടി ഗുരുതരമായ പരിക്കു ഏറ്റത്. ഈ വിദ്യാർത്ഥികളെ വാഹനം നിർത്തി ആശുപത്രിയിൽ എത്തിക്കാനുള്ള സാമാന്യ മര്യാദ പോലും ജീവനക്കാർ കാണിച്ചില്ല.
ഇത്തരത്തിൽ നിരത്തുകളിൽ വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയായി മത്സര ഓട്ടം നടത്തുന്ന വാഹനങ്ങളെ പിടിച്ചെടുക്കുവാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകണമെന്നും, മത്സര ഓട്ടം അവസാനിപ്പിക്കണമെന്നും ആവശ്യപെട്ടു കൊണ്ട് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം 4 മണിക്ക് വിദ്യാർഥികൾ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നു.
മുഴുവൻ വിദ്യാർത്ഥികളും സമരത്തിൽ അണിനിരക്കണമെന്ന എസ്എഫ്ഐ ഏരിയ സെക്രട്ടറി വിജയ് വിമലും പ്രസിഡന്റ് അർജുനും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.