ആറ്റിങ്ങൽ സി.എസ്.ഐ ആശുപത്രിക്ക് മുന്നിൽ ദേശീയപാതയുടെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡാണ് കഴിഞ്ഞദിവസം രാത്രിയിൽ അജ്ഞാത വാഹനമിടിച്ച് അപകടാവസ്ഥയിൽ നിലകൊള്ളുന്നത്.
ഒരു ദിശയിലേക്ക് രണ്ട് ട്രാക്കിലൂടെയും ഗതാഗതം ഉള്ളതിനാൽ വലതുവശത്തെ ട്രാക്കിലൂടെ വേഗത്തിൽ മറികടന്നെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് റോഡിലേക്ക് തള്ളി നിൽക്കുന്ന ഇരുമ്പ് ബാരിക്കേഡുകൾ പെട്ടെന്ന് ശ്രദ്ധിക്കാൻ സാധിക്കില്ല.
കൂടാതെ റോഡിൻ്റെ ഈ ഭാഗത്ത് ചെറിയൊരു വളവുള്ളതിനാൽ അപകടമുണ്ടാവാൻ സാധ്യതയും കൂടുതലാണ്.
ഇന്നു പുലർച്ചെ നഗരശുചീകരണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊഴിലാളികൾ
നഗരസഭാ ചെയർപേഴ്സനെ വിവരമറിയിച്ചു. അടിയന്തിരമായി തകർന്ന ബാരിക്കേഡു നീക്കം ചെയ്യാൻ ബന്ധപ്പെട്ട ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരോട് അധ്യക്ഷ എസ്.കുമാരി ആവശ്യപ്പെട്ടു. ഉച്ചയോടുകൂടി ഭാഗികമായി ബാരിക്കേഡുകൾ നീക്കം ചെയ്തെങ്കിലും അപകടത്തിൽ സ്ഥാനചലനം സംഭവിച്ച ശേഷിച്ച ബാരിക്കേഡുകൾ ഇപ്പോഴും റോഡിലേക്ക് കടന്നു നിൽക്കുന്ന അവസ്ഥയിലാണ്.