ആറ്റിങ്ങൽ : ആറ്റിങ്ങലിൽ വൺവെ തെറ്റിച്ചു പോകുന്ന സ്വകാര്യ ബസ്സുകൾ ഡിവൈഎഫ്ഐ തടഞ്ഞു. കഴിഞ്ഞ ദിവസം പാലസ് റോഡിലേക്ക് വൺവെ തെറ്റിച്ചു വന്ന സ്വകാര്യ ബസ് വിദ്യാർത്ഥികളെ ഇടിച്ചിട്ട് അപകടം സംഭവിച്ചിരുന്നു. തുടർന്ന് കച്ചേരി ജംഗ്ഷൻ വഴി മാത്രമേ സ്വകാര്യ ബസ്സുകൾ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ പാടുള്ളു എന്ന നിർദേശം ആറ്റിങ്ങൽ പോലീസ് നൽകിയിട്ടും ഇന്ന് രാവിലെ ആറ്റിങ്ങൽ ഗേൾസ് ജംഗ്ഷനിൽ നിന്ന് പാലസ് റോഡിലേക്ക് സ്വകാര്യ ബസ്സുകൾ അപകടകരമായ രീതിയിൽ അമിത വേഗതയിൽ ചീറിപ്പാഞ്ഞു വരുന്നത് കണ്ടാണ് ഡിവൈഎഫ്ഐ ബസ് തടഞ്ഞത്. വൺവെ തെറ്റിച്ചു ബസ്സുകൾ ബസ് സ്റ്റാൻഡിലേക്ക് പോകുന്നത് വലിയ അപകടങ്ങൾ വരുത്തി വെയ്ക്കും എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾക്ക് ഉണ്ടായ അപകടം. തുടർന്നും പോലീസ് വിലക്കിയിട്ടും ബസ്സുകൾ അപകടകരമായ രീതിയിൽ വൺവെ തെറിച്ചു പോകുന്നത് അനുവദിക്കില്ല എന്നാണ് പ്രതിഷേധക്കാർ പറഞ്ഞത്. ഡിവൈഎഫ്ഐ ബസ് തടഞ്ഞതിനെ ചൊല്ലി തർക്കം ഉണ്ടാവുകയും ആറ്റിങ്ങലിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തുകയും ചെയ്തു. മിന്നൽ പണിമുടക്ക് നടത്താൻ പാടില്ലെന്ന് ഹൈകോടതി ഉത്തരവ് നിലനിൽക്കെയാണ് സ്വകാര്യ ബസ്സുകളുടെ ഈ തോന്നിവാസം.
പിഎസ്. സി ഉദ്യോഗാർഥികൾ ഉൾപ്പെടെയുള്ളവരെ വലച്ചുകൊണ്ടാണ് സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് അഭ്യാസം. വൺവെ തെറ്റിച്ചു ബസ് പോകാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയതിനു ബസ് പണിമുടക്കി യാത്രക്കാരെ വലയ്ക്കാൻ ശ്രമിച്ച ഇത്തരം സാമൂഹിക ബോധമില്ലാത്തവരാണോ ആറ്റിങ്ങലിലെ സ്വകാര്യ ബസ്സുകാർ എന്നാണ് യാത്രക്കാരുടെയും ചോദ്യം.
തുടർന്ന് പോലീസിന്റെ ഇടപെടലിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് അഭ്യാസം ഒഴിവാക്കി.