ആറ്റിങ്ങൽ : യു.കെ.യിലേക്ക് വിസ വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അയ്യൻകുന്ന് രണ്ടാംകടവ് വാണിയപ്പാറ മുഞ്ഞനാട് അഭിലാഷ് ഫിലിപ്പാണ് (38) അറസ്റ്റിലായത്. ആറ്റിങ്ങൽ സ്വദേശിയായ കോടതി ജീവനക്കാരിയിൽനിന്ന് പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
സ്റ്റാർനെറ്റ് ഇന്റർനാഷണൽ റിക്രൂട്ട്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി നടത്തിയിരുന്ന പ്രതി യു.കെ.യിലും വിദേശരാജ്യങ്ങളിലും ആകർഷകമായ ശമ്പളം ലഭിക്കുമെന്നും ജോലി തരപ്പെടുത്തി നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയിൽനിന്ന് പണം തട്ടിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഉദ്യോഗാർഥികളെ കണ്ടെത്തിയിരുന്നത്. തട്ടിയെടുത്ത പണം ഓസ്ട്രേലിയയിലുള്ള മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റി. പലരിൽ നിന്നായി പത്ത് കോടിയോളം രൂപ ഇയാൾ തട്ടിയെടുത്തതായാണ് വിവരം. ആറ്റിങ്ങൽ, കല്ലമ്പലം, എറണാകുളം, വിയ്യൂർ, പുത്തൻവേലിക്കര തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ പത്തോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.