ആറ്റിങ്ങൽ : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ‘മിനി ദിശ ഹയർ സ്റ്റഡീസ് എക്സ്പോ 2024’ ഡിസംബർ 6, 7 തീയതികളിൽ ആറ്റിങ്ങൽ ഗവ ബോയ്സ് സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ 51 സ്കൂളുകളിൽ നിന്ന് അയ്യായിരത്തോളം കുട്ടികൾ പങ്കെടുക്കും. ഈ പരിപാടിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക നിർവഹിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ ബിനു എസ്, പിടിഎ പ്രസിഡന്റ് സന്തോഷ് എസ്, കരിയർ ഗെയ്ഡ് അഭിലാഷ് കെ.വി എന്നിവർ അറിയിച്ചു.
അക്കാദമിക ജോയിൻറ് ഡയറക്ടർ ഡോ ഷ,ജിത, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സുധ കെ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.കരിയർ ഗൈഡൻസിന്റെ സ്റ്റേറ്റ് കോർഡിനേറ്റർ ഡോ അസീം സിഎം മിനി ദിശ എക്സ്പോയുമായി ബന്ധപ്പെട്ട സന്ദേശം നൽകും. സ്കൂൾ പ്രിൻസിപ്പാൾ ഇൻചാർജ് ആയ ഡോ ബിനു സ്വാഗതവും എഡ്യൂക്കേഷണൽ ഡിസ്ട്രിക്ട് കൺവീനർ ഡോ സന്ധ്യ എം നന്ദിയും രേഖപ്പെടുത്തും.സമാപന സമ്മേളനം ഏഴാം തീയതി എംപി അടൂർ പ്രകാശ് നിർവഹിക്കും.
ഹയർസെക്കൻഡറിക്ക് ശേഷമുള്ള ഉപരിപഠന സാധ്യതകൾ പരിചയപ്പെടാനും വിവിധ സർവകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സവിശേഷതകൾ മനസ്സിലാക്കാനും വിദഗ്ധരുമായി സംവദിക്കാനും എല്ലാം അവസരം ലഭിക്കും. സ്റ്റഡി അബ്രോഡ്,ഡിഫറെൻറ് എൻട്രൻസ് എക്സാം, പബ്ലിക് സെക്ടർ എക്സാം (യുപിഎസ് സി, ആർ ആർ ബി, എസ് എസ് സി, പി എസ് സി) ഷോർട് ടൈം കോഴ്സുകൾ എന്നിവയെ കുറിച്ചുള്ള സെമിനാറുകളും സംഘടിപ്പിക്കുന്നു.