സ്വകാര്യ ബസുകളിലെ നിയമ ലംഘനങ്ങൾ- പരിശോധന കടുപ്പിച്ച് മോട്ടർ വാഹന വകുപ്പ്

IMG-20241210-WA0011

സ്വകാര്യ ബസുകളിലെ നിയമ ലംഘനങ്ങൾ വിവാദമായതോടെ പരിശോധന കടുപ്പിച്ച് മോട്ടർ വാഹന വകുപ്പ്. മോട്ടർ വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആറ്റിങ്ങൽ ബസ് ഡിപ്പോയിലും പരിസര പ്രദേശത്തും വ്യാപക പരിശോധന നടത്തി. സ്വകാര്യ ബസ് ഡിപ്പോയിൽ നടത്തിയ പരിശോധനയിൽ പുനലൂർ– വക്കം റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്തു. ചവിട്ടുപടികൾ, പ്ലാറ്റ്, സീറ്റുകൾ എന്നിവയിൽ തകരാറുകൾ സംഭവിച്ചിരിക്കുന്നതായും അകത്തെ ലൈറ്റുകൾ കത്തുന്നില്ലെന്നും ഓയിൽ ലീക്ക് ഉള്ളതായും എയർഹോൺ ഘടിപ്പിച്ചിരിക്കുന്നതും കണ്ടെത്തി

ഡിപ്പോയിൽ നടത്തിയ പരിശോധനയിൽ ഒട്ടേറെ ജീവനക്കാർക്ക് കണ്ടക്ടർ ലൈസൻസ് ഇല്ലാതെയാണ് ജോലി നോക്കുന്നതെന്നും യൂണിഫോമിൽ നെയിംബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്നും കണ്ടെത്തി നടപടി സ്വീകരിച്ചു. പരിശോധന ആരംഭിച്ചതോടെ ഡിപ്പോയിലേക്ക് ബസുകൾ വരുന്നത് കുറഞ്ഞു. പല ബസുകളും ഡിപ്പോയുടെ സമീപ പ്രദേശങ്ങളിൽ ആളിറക്കി തിരികെ പോയി. കൂടാതെ, പരിശോധനയ്ക്കെതിരെ ഉന്നതതല സമ്മർദം ഉണ്ടാകുന്നെന്ന ആക്ഷേപവുമുണ്ട്.

ട്രിപ് മുടക്കി ദേശീയപാതയോരത്ത് പാർക്ക് ചെയ്തിരുന്ന ബസിന് മോട്ടർ വാഹനവകുപ്പ് പിഴ ചുമത്തി. ആറ്റിങ്ങൽ–കല്ലമ്പലം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് വഴിയിൽ ഒതുക്കിയിട്ടിരിക്കുന്നതായി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഒരു വർഷത്തിനിടെ മൂന്ന് തവണ ട്രിപ് മുടക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ ട്രിപ് മുടക്കിയ രണ്ടാമത്തെ ബസാണ് പിടികൂടിയത്.

അതേ സമയം,സ്കൂൾ ബസിന് പെർമിറ്റെടുത്ത് പെയ്ന്റ് അടക്കം മാറ്റി നാടകവണ്ടിയായി സർവീസ് നടത്തിയ മിനി ബസിനെതിരെ നടപടി. വൻ നികുതി വെട്ടിപ്പാണ് നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്കൂൾ ബസുകളായി സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് ഒരു വർഷം പരമാവധി 8000 രൂപയാണ് നികുതി. എന്നാൽ കോൺട്രാക്ട് ഗാരിജ് വാഹനങ്ങൾക്ക് സീറ്റ് ഒന്നിന് വർഷം തോറും 650 രൂപ നിരക്കിലാണ് നികുതി. പിടികൂടിയ വാഹനം 29 സീറ്റുകളുള്ളതാണ്. വർഷം 75400 രൂപ നികുതിയായി അടയ്ക്കേണ്ട സ്ഥാനത്ത് സ്കൂൾ ബസിന് അടയ്ക്കേണ്ട കുറഞ്ഞ നികുതിയാണ് അടച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. റാന്നി സ്വദേശിയിൽനിന്നു കടയ്ക്കാവൂർ സ്വദേശി വാങ്ങിയ ബസാണ് പിടികൂടിയത്. വ്യത്യാസം വന്ന നികുതി അടപ്പിക്കുന്നതിനും പിഴ ഈടാക്കാനുമുള്ള നടപടി ആരംഭിച്ചതായി മോട്ടർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!