വിദ്യാർഥികൾക്ക് കൺസഷൻ നിഷേധിക്കുകയും അമിത നിരക്ക് ഈടാക്കുകയും ചെയ്യുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി റീജിയണൽ ട്രാൻസ്‌പോർട് ഓഫിസ് ഉപരോധിച്ചു. അടയമൺ യുപി സ്കൂളിലെ വിദ്യാർഥിയെ അധിക്ഷേപിച്ച ജീവനക്കാർക്കെതിരെ നടപടി വൈകുകയാണെന്നും സമരക്കാർ ആരോപിച്ചു. ആർടിഒയുടെ അസാന്നിധ്യത്തിൽ ചർച്ച നടത്തിയ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിച്ചത്. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, ജില്ലാ ജനറൽ സെക്രട്ടറി എം.ടി.അഷ്കർ., മുഹമ്മദ് ഷിയാൻ എന്നിവർ നേതൃത്വം നൽകി.