നഗരൂർ : നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൈദ്യശാല ജംഗ്ഷനു സമീപം കെഎസ്ആർടിസി ബസ് ഓട്ടോയിലിടിച്ച് അപകടം. അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പമ്പയിൽ നിന്ന് വന്ന സ്പെഷ്യൽ സർവീസ് ബസ് കിളിമാനൂർ ഡിപ്പോയിൽ ആളെ ഇറക്കിയ ശേഷം ആറ്റിങ്ങൽ ഡിപ്പോയിലേക്ക് പൊകവേയാണ് വൈദ്യശാല ജംഗ്ഷനു സമീപം വെച്ച് ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
കിളിമാനൂർ പുതിയ തടത്തിൽ ഹോട്ടൽ നടത്തുന്ന മേവർക്കൽ സ്വദേശി ഷാജി(44)യും മക്കളായ അജ്മൽ (17),ആസിഫ് (15) എന്നിവർ ഹോട്ടൽ അടച്ച ശേഷം ഹോട്ടൽ ജീവനക്കാരനായ റിയാസിനെ വൈദ്യശാലയിലെ വീട്ടിൽ കൊണ്ടാക്കാൻ പൊകവേയാണ് അപകടം നടന്നത്. അപകടത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന നാലുപേർക്കും പരിക്കേറ്റു. കുട്ടികളിൽ ഒരാളുടെ പരിക്ക് ഗുരുതരവുമാണ്. അപകടത്തിൽ ഓട്ടോ തകർന്നു. ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്. നഗരൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.